തിരുവനന്തപുരം: പിണറായി സർക്കാർ വൻതുക മുടക്കി നടത്തുന്ന കേരളീയം പരിപാടിയ്‌ക്ക് ഇന്ന് തലസ്ഥാനത്ത് തുടക്കമായി. സിനിമാ താരങ്ങളടക്കം പങ്കെടുക്കുന്ന പരിപാടിയിൽ നടൻ ഭീമൻ രഘുവും പങ്കെടുത്തിരുന്നു. എന്നാൽ ഇത്തവണ ഉദ്ഘാടന ചടങ്ങിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്ഘാടന പ്രസംഗം ‘ഇരുന്നാണ്’ ഭീമൻ രഘു കേട്ടത്.
സദസിന്റെ മുൻനിരയിൽ തന്നെ രഘുവിന് സ്ഥാനം കിട്ടിയെങ്കിലും ഇത്തവണ ഇരിപ്പിടത്തിൽ നിന്ന് അദ്ദേഹം ഒന്ന് അനങ്ങുക പോലും ചെയ്തില്ല. ‘അന്ന് എഴുന്നേറ്റ് നിന്ന് പ്രസംഗം കേട്ടത് തന്റെ സംസ്‌കാരത്തിന്റെ ഭാഗമായിരുന്നു. എന്നാൽ എപ്പോഴും അതിന്റെ ആവശ്യം ഇല്ല, എന്നായിരുന്നു ഇന്ന് ഭീമൻ രഘുവിന്റെ ന്യായീകരണം’.
നേരത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങിൽ പങ്കെടുത്തപ്പോഴാണ് ഭീമൻ രഘു മുഖ്യമന്ത്രിയുടെ പ്രസംഗം എഴുന്നേറ്റ് നിന്ന് കേട്ടത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ രഘു ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. എഴുന്നേറ്റ് നിന്നാൽ എന്താണ് കുഴപ്പം. മുതിർന്ന അല്ലെങ്കിൽ നമ്മൾ ആദരിക്കുന്ന ഒരു വ്യക്തിയെ കണ്ടാൽ എഴുന്നേറ്റ് നിൽക്കണമെന്നാണ് ഞാൻ പഠിച്ചത്. അദ്ദേഹം വന്നപ്പോൾ തന്നെ കാലിൽ മുകളിൽ കാലുകയറ്റിയിരുന്ന ഞാൻ നോർമലായി ഇരുന്നു. മുഖ്യമന്ത്രിയോടുള്ള ബഹുമാനം കൊണ്ടാണ് അദ്ദേഹത്തിന്റെ പ്രസംഗം നിന്ന് കേട്ടതെന്നും ഭീമൻ രഘു പറഞ്ഞിരുന്നു.
‘ഞാൻ പിണറായി വിജയനെ ബഹുമാനിക്കുന്ന ഒരാളാണ്. അദ്ദേഹം ഏത് പ്രോഗ്രാമിൽ വന്നാലും അവിടെ ഞാനുണ്ടെങ്കിൽ മുൻ സീറ്റിലാണെങ്കിലും പിൻ സീറ്റിലാണെങ്കിലും എണീറ്റ് നിൽക്കും. കാരണം ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു. നല്ലൊരു അച്ഛനാണ്, നല്ലൊരു മുഖ്യമന്ത്രിയാണ്, നല്ലൊരു കുടുംബനാഥനാണ്. എനിക്ക് എന്റെ അച്ഛനെയാണ് ഓർമ്മ വരുന്നത്. അദ്ദേഹവുമായി സാമ്യം ഉണ്ടോ എന്ന് എനിക്ക് ചില സമയങ്ങളിൽ തോന്നാറുണ്ട്. രാഷ്‌ട്രീയത്തിന്റെ പേരിലല്ല ഞാൻ എഴുന്നേറ്റ് നിൽക്കുന്നത്. ബഹുമാനം കൊണ്ട് മാത്രമാണ്. വ്യക്തിപരമായി തന്നെ അദ്ദേഹത്തെ എനിക്ക് ഇഷ്ടമാണ്’- ഭീമൻ രഘു പറഞ്ഞു.















