ന്യൂഡൽഹി: ഭാരതീയർ ഒറ്റക്കെട്ടായി ഹമാസിനെതിരെ നിലകൊള്ളണമെന്ന് ഹമാസ് സ്ഥാപകന്റെ മകൻ മൊസാബ് ഹസൻ യൂസഫ്. ടൈംസ് നൗവിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മൊസാബിന്റെ ആഹ്വാനം. ഇന്ത്യയിലെ എന്റെ സഹോദരർ ഉണർന്നു പ്രവർത്തിക്കണം, ആക്രമണമല്ല താൻ ഉദ്ദേശിക്കുന്നത് മറിച്ച് ഉറച്ച നിലപാടാണ് വേണ്ടതെന്നും ഇസ്ലാമിസ്റ്റുകളെ അംഗീകരിക്കില്ലെന്ന് ലോകത്തോട് വിളിച്ചുപറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാധാരണക്കാരെ ലക്ഷ്യമിട്ട് ഹമാസ് നടത്തിയ ആക്രമണങ്ങൾക്ക് നിരവധി തെളിവുകളുണ്ട്. സിനഗോഗുകൾ, ബസുകൾ, മാർക്കറ്റുകൾ, പലചരക്ക് കടകൾ, ബീച്ച് ക്ലബ്ബുകൾ, നിശാക്ലബ്ബുകൾ, സ്‌കൂളുകൾ, സർവകലാശാലകൾ എന്നിവ പോലും അവർ ലക്ഷ്യം വെച്ചിട്ടുണ്ട്. ഇതൊരു പുതിയ കാര്യമല്ല. ഒക്ടോബർ 7ന് എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കും അറിയാം. ഇതെല്ലാം മനസിലാക്കിയിട്ടും ലോകം എന്തിനാണ് ഇത് കണ്ടില്ലെന്നടിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ശിവനെ ആരാധിക്കുന്നവരാണ് ഭാരതത്തിലുള്ളത്. യോദ്ധാക്കളാണ് അവർ. ശിവനെയും കൃഷ്ണനെയും ആരാധിക്കുന്നവർ, ഗീതയും ഉപനിഷത്തുക്കളും മനസിലാക്കുന്നവരും ഈ യുദ്ധത്തിന് പിന്നിലെ ആത്മീയമാനം മനസിലാക്കി ഇസ്ലാമിസ്റ്റുകളുടെ രീതിയും ലക്ഷ്യങ്ങളും ലോകത്തിന് സ്വീകാര്യമല്ലെന്ന് ഉറക്കെപ്പറയണമെന്നും മൊസാബ് പറഞ്ഞു.
ഹിന്ദുക്കൾക്ക് ലോകത്തിന്റെ മറ്റു ഭാഗങ്ങളുമായി ഒരു പ്രശ്‌നവുമില്ല. ഇന്ത്യയിൽ യാതൊരു പ്രശ്‌നങ്ങളുമില്ല, അവിടെ ഹിന്ദുക്കളും ക്രിസ്ത്യാനികളും യഹൂദരും ഒരു പ്രശ്‌നവുമില്ലാതെ സഹവർത്തിത്വത്തിൽ കഴിയുന്നുണ്ട്. എല്ലായിടത്തും തീവ്രവാദികൾ ഉണ്ട്. എന്നാൽ, എല്ലായ്പ്പോഴും ഇസ്ലാമിസ്റ്റുകളിൽ നിന്നാണ് അക്രമങ്ങൾ ഉണ്ടാകുന്നത്. അത് എന്തുകൊണ്ടാണ്. ഒരു രാഷ്‌ട്രം എങ്ങനെ കെട്ടിപ്പടുക്കാമെന്ന് ഗാന്ധിജിയിൽ നിന്ന് പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.















