ലഡാക്ക്: സിന്ധു നദി ഭാരതത്തിന്റെ ചരിത്രത്തേയും സംസ്‌കാരത്തെയും, ആത്മീയതേയുമാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു. ലഡാക്കിലെ അതിർത്തികൾ സന്ദർശിച്ച രാഷ്‌ട്രപതി, മേഖലയിലെ ജനങ്ങളോടുള്ള ആദരവും സ്‌നേഹവും അറിയിച്ചു.
” സിന്ധു ഘട്ടിൽ എത്തിച്ചേരാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. ഓരോ ഭാരതീയന്റേയും ചരിത്രവും, സംസ്‌കാരവും, ആത്മീയ അവബോധവുമാണ് സിന്ധു നദി ചൂണ്ടിക്കാണിക്കുന്നത്. ഈ പ്രദേശത്തെ ജനങ്ങൾ ധീരതയ്‌ക്ക് പേര് കേട്ടവരാണ്. രാഷ്‌ട്രത്തെ സംരക്ഷിക്കുന്നതിൽ ഇവിടുത്തെ ജനങ്ങൾ നൽകിയ സംഭാവനകൾ വളരെ വലുതാണ്.”- ദ്രൗപതി മുർമു പറഞ്ഞു. ലഡാക്കിലെ ടൂറിസം മേഖലയുടെ വിപുലീകരണ സാധ്യതകളെയും രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി.
ലഡാക്കിൽ ആത്മീയ ടൂറിസം, സാഹസിക ടൂറിസം, ഇക്കോ ടൂറിസം തുടങ്ങി നിരവധി വികസനങ്ങളുടെ അനന്തമായ സാധ്യതകളാണുള്ളത്. തലമുറകളായി കാത്തു സൂക്ഷിക്കുന്ന പാരമ്പര്യങ്ങളെ മുറുകെ പിടിക്കുന്നവരാണ് ലഡാക്കിലെ ജനങ്ങൾ. പല ഗോത്രവർഗ സമുദായങ്ങളുടെയും സമ്പന്നമായ പാരമ്പര്യങ്ങൾ ലഡാക്കിൽ നിലനിൽക്കുന്നത് സന്തോഷകരമായ കാര്യമാണെന്നും പരിസ്ഥിതിയോട് ഇണങ്ങി ജീവിക്കുന്ന വനവാസി സമൂഹത്തിന്റെ ജീവിതശൈലി സംരക്ഷിക്കപ്പെടുമെന്നും രാഷ്‌ട്രപതി വ്യക്തമാക്കി.















