മാളികപ്പുറം സിനിമയിലൂടെ മലയാളികളുടെ മകളായ മാറിയ ബാലതാരമാണ് ദേവനന്ദ. താരത്തിന്റെ വരും ചിത്രങ്ങൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആരാധകർക്ക് മുന്നിൽ, മുടിയഴിച്ചിട്ട് മന്ത്രമൂർത്തികളിൽ പ്രധാനിയും ക്ഷിപ്രപ്രസാദിയുമായ ഗുളികൻ തെയ്യത്തിന്റെ മുംഖംമൂടിയണിഞ്ഞാണ് ദേവനന്ദ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഉത്തര കേരളത്തിലെ കാവുകളിൽ ആരാധിച്ചു വരുന്ന പ്രധാന ദേവതയാണ് ഗുളികൻ. യമന്റെ സങ്കൽപ്പത്തിലുള്ള ഗുളികന്റെ മുഖംമൂടിയണിഞ്ഞ് നിൽക്കുന്ന ദേവനന്ദയുടെ അടുത്ത ചിത്രമായ ‘ഗു’ വിന്റെ രണ്ടാമത്തെ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ.
നവാഗതനായ മനു രാധാകൃഷ്ണന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ സിനിമ മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻ പിള്ള രാജു തന്നെയാണ് നിർമ്മിക്കുന്നത്. ഒരു ഫാൻസി ഹൊറർ ചിത്രമാണ് ‘ഗു’. സിനിമയുടെ ടൈറ്റിൽ പോസ്റ്റർ ഇതിനോടകം തന്നെ സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.
മുത്തശ്ശനും മുത്തശ്ശിയ്‌ക്കും ഒപ്പം അവധിക്കാലം ആഘോഷിക്കാൻ എത്തുന്ന മിന്ന എന്ന പെൺകുട്ടിയായിട്ടാണ് ദേവനന്ദ സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. മാളികപ്പുറത്തിൽ ഒരു അച്ഛന്റേയും മകളുടെയും സ്‌നേഹം മലയാളികളുടെ കണ്ണിൽ ഈറനണിയിച്ചപ്പോൾ സിനിമയിൽ സ്‌നേഹനിധിയായി തിളങ്ങിയ സൈജു കുറിപ്പ് തന്നെയാണ് ഗു എന്ന ഈ സിനിമയിലും ദേവനന്ദയുടെ അച്ഛനായി എത്തുന്നതെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. ഉൾഗ്രാമത്തിൽ മിന്നയ്‌ക്കും മറ്റ് കുട്ടികൾക്കും നേരിടേണ്ടി വരുന്ന ഭീതിപ്പെടുത്തുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. പാലക്കാടൻ ഗ്രാമങ്ങളിലാണ് സിനിമയുടെ ചിത്രീകരണങ്ങൾ നടക്കുന്നത്. സിനിമയുടെ രണ്ടാമത്തെ പോസ്റ്റർ പ്രേക്ഷകരെ അമ്പരപ്പിച്ചപ്പോൾ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ.















