തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ സിബിഐ പുനരന്വേഷണം ആരംഭിച്ചു. അന്വേഷണസംഘം ഇന്ന് ബാലഭാസ്‌കറിന്റെ പിതാവിന്റെ മൊഴിയെടുക്കും. കുടുംബം ഉന്നയിച്ച ആരോപണങ്ങളടക്കം സംഘം പരിശോധന നടത്തും. സ്വർണ്ണക്കടത്ത് സംഘത്തിന്റെ കേസിലെ പങ്കാളിത്തവും അന്വേഷണ സംഘം പരിശോധിക്കും.
ഇൻസ്‌പെക്ടർ സജി ശങ്കറിന്റെ നേതൃത്വത്തിലാണ് പുനരന്വേഷണം നടക്കുക. ബാലഭാസ്‌ക്കറിന്റെ അച്ഛൻ ഉണ്ണിയുടെ ഹർജിയിലാണ് ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടത്. തുടർന്നാണ് കേസിന്റെ പുനരന്വേഷണം സിബിഐ ഏറ്റെടുത്തത്. നേരത്തെ ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും സിബിഐയും അന്വേഷിച്ച കേസാണ് വീണ്ടും സിബിഐ പുനരന്വേഷിക്കുന്നത്. കേസന്വേഷണം മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കാനും സിബിഐയ്‌ക്ക് കോടതി നിർദ്ദേശമുണ്ട്.
ഡ്രൈവറുടെ അശ്രദ്ധയും അമിത വേഗതയുമാണ് അപകടത്തിന് കാരണമെന്ന് കാണിച്ചാണ് നേരത്തെ സിബിഐ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. ബാലഭാസ്‌കറിന്റെ മരണത്തിൽ ഗൂഢാലോചനയുണ്ടെന്ന വാദവും തള്ളിയാണ് സിബിഐ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. ഈ റിപ്പോർട്ടിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.















