പാലക്കാട്: സംസ്ഥാനത്ത് പിഞ്ചുകുഞ്ഞിന് ചികിത്സ കിട്ടിയില്ലെന്ന് പരാതി. ആറുമാസം പ്രായമുള്ള കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ് കിട്ടിയില്ലെന്നാണ് ആരോപണം. മലക്കപ്പാറ റോഡരികിൽ നിന്ന് നാലു കിലോമീറ്റർ ഉൾവനത്തിലാണ് കുടുംബം താമസിക്കുന്നത്. കുഞ്ഞിന് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് നാല് കിലോമീറ്റർ കാട്ടിലൂടെ നടന്നായിരുന്നു മാതാപിതാക്കൾ മലക്കപ്പാറയിൽ എത്തിച്ചേർന്നത്.
മലക്കപ്പാറയിലെ ട്രൈബൽ ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് ഡോക്ടർ റഫർ ചെയ്തു. എന്നാൽ ട്രൈബൽ ആശുപത്രിയിൽ ആംബുലൻസ് ഉണ്ടായിരുന്നെങ്കിലും ജിപിഎസ് പ്രവർത്തനരഹിതമാണെന്ന കാരണത്താൽ കുഞ്ഞിനെ ചാലക്കുടി ആശുപത്രിയിലേക്ക് മാറ്റിയില്ല. ഇതോടെ ഫിക്സ് വന്ന് തളർന്ന കുഞ്ഞ് രണ്ടര മണിക്കൂറോളം ആംബുലൻസ് കിട്ടാതെ ആശുപത്രിയിൽ കിടക്കേണ്ടി വരികയായിരുന്നു. ഒടുവിൽ കുട്ടിയെ തമിഴ്നാട്ടിലെ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകി.















