മൈദുഗുരി: ഉത്തര നൈജീരിയയിലുണ്ടായ രണ്ട് വ്യത്യസ്ത ഭീകരാക്രമണങ്ങളിലായി 37 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ 14 വർഷങ്ങളിലായി നൈജീരിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നഇസ്ലാമിക ഭീകര സംഘടനായ ബോക്കോഹറാം തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. യോബെ സംസ്ഥാനത്തിലെ ഗൈദാം ജില്ലയിലുള്ള ഗ്രാമവാസികൾക്ക് നേരെയായിരുന്നു ആക്രമണം. 17 പേരെ ഭീകരർ വെടിവച്ച് കൊല്ലുകയായിരുന്നു. ഇവരുടെ ശവസംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയ 20 പേർ തുടർന്നുണ്ടായ സ്‌ഫോടനത്തിലും കൊല്ലപ്പെടുകയായിരുന്നു.
ഇസ്ലാമിക മത നിയമങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സാധാരണക്കാർക്ക് നേരെ ബോക്കോഹറാം ഭീകരർ നിരന്തരമായി ആക്രമണങ്ങൾ നടത്തി വരുന്നുണ്ട്. 35,000ത്തോളം പേരാണ് ഇതുവരെ ബോക്കാഹറാമിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഭീകരരെ ഭയന്ന് രണ്ട് ലക്ഷത്തോളം പേർ നാട്ടിൽ നിന്ന് വിദേശത്തേക്ക് പലായനം ചെയ്തിട്ടുണ്ടെന്നും കണക്കുകൾ പറയുന്നു.
നൈജീരിയൻ പൗരന്മാരെ ബോക്കോഹറാം ഭീകരർ തട്ടിക്കൊണ്ടു പോകുന്നതും പതിവ് വാർത്തകളാണ്. കഴിഞ്ഞ മെയ് മാസത്തിൽ ബോലാ തിംബു നൈജീരിയയുടെ പ്രസിഡന്റായി അധികാരം ഏറ്റെടുത്തെങ്കിലും ബോക്കോഹറാം ഭീകരർക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്തതിനെതിരെയും വ്യാപകമായി വിമർശനം ഉയരുന്നുണ്ട്.















