ചുരുക്കം ചില സിനിമകളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ താരമാണ് വിൻസി അലോഷ്യസ്. ഒരു ടെലിവിഷൻ പ്രോഗ്രാമിലൂടെ ജനശ്രദ്ധ നേടിയ വിൻസിയ്‌ക്ക് ആരാധകർ ഏറെയാണ്. ഏറ്റെടുക്കുന്ന കഥാപാത്രത്തെ പ്രേക്ഷകർക്ക് മുന്നിൽ വരച്ച് കാട്ടുന്നതിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് വിൻസി. ഇത്തവണത്തെ മികച്ച നടിക്കുള്ള സംസ്ഥാന ചലചിത്ര അവാർഡും വിൻസി സ്വന്തമാക്കിയിരുന്നു. ഇന്നിതാ തന്റെ പേര് മാറ്റുന്നുവെന്ന് വെളിപ്പെടുത്തലുമായി സാമൂഹ്യമാദ്ധ്യമത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് താരം.

പേര് ‘വിൻ സി’ എന്നു മാറ്റുകയാണെന്നാണ് താരം അറിയിച്ചിരിക്കുന്നത്. മമ്മൂട്ടിയുമായുള്ള സംഭാഷണമാണ് ഈ തീരുമാനം എടുക്കാനുള്ള കാരണമെന്നും വിൻസി പറയുന്നു. വിൻസി അലോഷ്യസ് എന്ന പേര് മാറ്റി ‘വിൻ സി’എന്ന പേരാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്ന് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

മറ്റുള്ളവർ ‘വിൻ സി’ എന്ന് വിളിക്കുമ്പോൾ വളരെ സന്തോഷം തോന്നാറുണ്ട്. എന്നാൽ ഇപ്പോൾ മമ്മൂക്ക അങ്ങനെ വിളിച്ചപ്പോൾ വയറ്റിലൊരു ആന്തൽ തോന്നിയെന്നും ഒരുപാട് സന്തോഷം തോന്നിയെന്നും വിൻസി പറയുന്നു. മമ്മൂക്കയും അങ്ങനെ വിളിച്ച സ്ഥിതിക്ക് തന്റെ പേര് ഇനി മുതൽ വിൻ സി എന്നായിരിക്കുമെന്നും ഇനി എല്ലാവരും തന്നെ അങ്ങനെ വിളിച്ചാൽ മതിയെന്നും വിൻസി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.















