നടൻ, നിർമ്മാതാവ്, എഴുത്തുകാരൻ എന്നീ നിലയിൽ സിനിമാ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് മുരളി ഗോപി. വർഷങ്ങളോളം മലയാള സിനിമയിൽ വേറിട്ട കഥാപാത്രങ്ങൾ അവതരിപ്പിച്ച നടനും സംവിധായകനും നിർമ്മാതാവുമായിരുന്ന ഭരത് ഗോപിയുടെ മകൻ എന്ന ലേബലിലാണ് മുരളി ഗോപി അറിയപ്പെട്ടിരുന്നത്. എന്നാൽ ചിരുക്കം കാലയളവ് കൊണ്ടുതന്നെ മലയാള സിനിമയിലെ പുതുനിര തിരക്കഥാകൃത്തുകളിലെ മുൻ നിരയിലെത്താൻ മുരളിക്ക് സാധിച്ചു. നിരവധി ഹിറ്റ് ചിത്രങ്ങളാണ് മുരളി ഗോപിയുടെ സൃഷ്ടിയിൽ പിറന്നത്. ഇത് കൂടാതെ നടൻ എന്ന നിലയിലും മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.
ഇന്നിതാ, ഭരത് ഗോപിയുടെ ജന്മദിനത്തിൽ അച്ഛനെ കുറിച്ച് സാമൂഹ്യമാദ്ധ്യമത്തിൽ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് മുരളി ഗോപി. അച്ഛന്റെ ഓർമ്മകൾ നിലനിർത്താൻ ഒരു അവാർഡ് നൽകിക്കൂടേ എന്ന് പലരും ചോദിച്ചിട്ടുണ്ടെന്നും എന്നാൽ ഓർമ്മകൾ നിലനിർത്തേണ്ടത് അദ്ദേഹത്തിന്റെ കലാസൃഷ്ടികളെ മോടി വരുത്തി വീണ്ടും ജനങ്ങളുടെ മുന്നിൽ എത്തിക്കുന്നതിലൂടെ ആയിരിക്കണമെന്നും മുരളി ഗോപി കുറിപ്പിൽ പറയുന്നു.
പുതിയ തലമുറയിലെ യുവാക്കൾക്കായി മൺമറഞ്ഞ മഹാകലാകാരന്മാരുടെ സൃഷ്ടികൾ പുതിയതാക്കി അവതരിപ്പിക്കുന്നതിലൂടെ മാത്രമേ അവരുടെ ഓർമ്മകൾ നിലനിർത്താൻ സാധിക്കു. ഏതൊരു കലാകാരനും അയാളെന്ന വ്യക്തിയുടെ ഓർമ്മകളേക്കാൾ അയാളുടെ സൃഷ്ടിയുടെ ഓർമ്മകളെയാണ് അവശേഷിപ്പിച്ച് പോകുന്നതെന്നും മുരളി ഗോപി ഫേസ്ബുക്കിൽ കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം,
ഇന്ന്, അച്ഛന്റെ ജന്മദിനം. ഒരുപാട് അവസരങ്ങളിൽ ഒരുപാട് പേർ എന്നോട് ചോദിക്കാറുള്ള ഒരു ചോദ്യമാണ് ‘അച്ഛന്റെ ഓർമ്മകൾ നിലനിർത്താൻ’ ഒരു അവാർഡ് ഏർപ്പെടുത്തിക്കൂടേ എന്ന്. ഓർമ്മകൾ പുരസ്കാരവിതരണത്തിലൂടെയാണ് നിലനിറുത്തേണ്ടത് എന്ന ആംഗലേയ സങ്കൽപ്പത്തിൽ നിന്ന് ഉടലെടുക്കുന്നതാണ് ഈ ചോദ്യം. ഒരു കലാകാരന്റെ ഓർമ്മകളെ നിലനിറുത്തേണ്ടത് സത്യത്തിൽ അയാളുടെ സൃഷ്ടികളെ തുടച്ച് മിനുക്കി കാലാകാലങ്ങളിൽ ജനസമക്ഷം അവതരിപ്പിക്കുന്നതിലൂടെ ആയിരിക്കണം എന്ന് ഞാൻ വിശ്വസിക്കുന്നു.
ഈയിടെ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ വെച്ച് നടത്തിയ ഒരു കെജി ജോർജ്ജ് അനുസ്മരണത്തിൽ പങ്കെടുത്തപ്പോൾ, എന്നെ ശരിക്കും സന്തോഷിപ്പിച്ചത് ആ ചടങ്ങിന് ശേഷം അതിന്റെ സംഘാടകർ നടത്തിയ ഒരു ചലച്ചിത്ര പ്രദർശനമാണ്.
‘യവനിക’യുടെ ഒരു restored print ആണ് അന്നവിടെ പ്രദർശിപ്പിച്ചത്. ആ restoringനായി പ്രവർത്തിച്ചത് ചലച്ചിത്ര അക്കാദമി ആണെന്ന് പിന്നീടറിഞ്ഞു. ഇത് പോലുള്ള archiving പ്രവർത്തനങ്ങളാണ് യഥാർത്ഥത്തിൽ അക്കാദമി പോലുള്ള സർക്കാർ സ്ഥാപനങ്ങളെ പ്രസക്തമാകുന്നത് തന്നെ. ക്ലാസിക്കുകളെ, പൊടിതട്ടിയെടുത്ത്, പുത്തൻ സഹൃദയർക്കായി പുതിയതാക്കി അവതരിപ്പിക്കുന്നതിലൂടെ മാത്രമേ മണ്മറഞ്ഞ മഹാകലാകാരന്മാരുടെ യഥാർത്ഥ അനുസ്മരണം സാധ്യമാകൂ. ഏതൊരു കലാകാരനും പൊതുസമക്ഷം അവശേഷിപ്പിച്ചു പോകുന്നത് അയാളെന്ന വ്യക്തിയുടെ ഓർമ്മകളേക്കാൾ അയാളുടെ സൃഷ്ടിയുടെ ഓർമ്മകളെയാണ്. വ്യക്തിസത്തയെക്കാൾ സൃഷ്ടിസത്തയാണ് കലാകാരന്മാരുടെ ബാക്കിപത്രം എന്നിരിക്കെ, അവരുടെ വ്യക്തിത്വത്തെ ആഘോഷിക്കലാണോ അവരുടെ സൃഷ്ടികളെ ആഘോഷിക്കലാണോ യഥാർത്ഥ അനുസ്മരണം എന്ന് നാം നമ്മോട് തന്നെ ചോദിക്കേണ്ടിയിരിക്കുന്നു…