ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ മൊഴി നൽകാൻ ഹാജരാകാതെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. രാവിലെ 11 മണിക്ക് ഇഡിക്ക് മുന്നിൽ ഹാജരാകേണ്ടതായിരുന്നു കെജ്രിവാൾ. എന്നാൽ ഹാജരാകില്ലെന്നും നോട്ടീസ് തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് ഇഡിക്ക് കത്തെഴുതിയിരിക്കുകയാണ് അദ്ദേഹം. നോട്ടീസ് അയച്ചത് നിയമവിരുദ്ധവും രാഷ്‌ട്രീയ പ്രേരിതവുമാണെന്നാണ് കെജ്‌രിവാളിന്റെ വാദം.
വ്യക്തിയെന്ന നിലയിലാണോ, മുഖ്യമന്ത്രി എന്ന നിലയിലാണോ, പാർട്ടി കൺവീനർ എന്ന നിലയിലാണോ തനിക്ക് സമൻസ് അയച്ചതെന്ന് വ്യക്തമാല്ലെന്നാണ് കെജ്‌രിവാളിന്റെ വാദം. അതേസമയം, കെജ്‌രിവാൾ മുൻകൂർ ജാമ്യത്തിന് നീങ്ങാനും അവസരമുണ്ട്. എന്നാൽ പുതിയ സമൻസ് അയക്കാനാണ് ഇഡി ആലോചിക്കുന്നത്. ഒരു വ്യക്തിക്ക് പരാമാവധി മൂന്ന് സമൻസ് വരെ ഒഴിവാക്കാനാകും അതിനുശേഷം ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയാണ് രീതി. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരവും സമൻസ് അയക്കാനും ഇഡിക്ക് സാധിക്കും.
338 കോടി രൂപയുടെ പണമിടപാട് സംബന്ധിച്ച് ഡൽഹി സർക്കാരിലെ രണ്ടാമനായിരുന്ന സിസോദിയയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു ഇതിന് പിന്നാലെ മറ്റൊരു മന്ത്രിക്കെതിരെ കേസെടുത്ത് ഇഡി അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് കെജ്‌രിവാളിന് ഇഡി നോട്ടീസ്. ആംആദ്മി നേതാക്കൾ ഉൾപ്പെട്ട കേസ് ഇതിനോടകം വലിയ ശ്രദ്ധയാണ് നേടിയിരിക്കുന്നത്. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മദ്ധ്യപ്രദേശിലേക്ക് പോകാനിരിക്കുകയാണ് കെജ്‌രിവാൾ.
രാഷ്‌ട്രീയ പ്രേരിതമാണെന്ന അരവിന്ദ് കെജ്രിവാളിന്റെ അവകാശവാദത്തിൽ അർത്ഥമില്ലെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനവല്ല പ്രതികരിച്ചു. ആംആദ്മി പാർട്ടി അഴിമതിയിൽ ഏർപ്പെട്ടിരിക്കുകയാണെന്നും അന്വേഷണ ഏജൻസികളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനുള്ള ബാധ്യത ആംആദ്മി പാർട്ടിക്കുണ്ട്. മനീഷ് സിസോദിയക്ക് സുപ്രീം കോടതി ജാമ്യം നിഷേധിച്ചു. കോൺഗ്രസ് പോലും കെജ്‌രിവാൾ സർക്കാരിനെതിരെ ആരോപണവുമായി എത്തിയെന്നും ഒരേ മുന്നണിയിലുള്ള കോൺഗ്രസിന്റെ ആരോപണവും രാഷ്‌ട്രീയ പ്രേരിതമാണെന്ന് കെജ്‌രിവാൾ പറയുമോയെന്നും പൂനവല്ല ചോദിച്ചു.















