ന്യൂഡൽഹി: യുപിഐ ഇടപാടുകളിൽ വൻ വർദ്ധനവ്. ഒക്ടോബർ വരെയുള്ള സാമ്പത്തിക വർഷത്തിൽ 17.16 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് നടന്നിരിക്കുന്നത്. സർവ്വകാല റെക്കോർഡ് ഭേദിക്കുന്നതാണ് ഇത്. സെപ്റ്റംബറിൽ നടന്നത് 15.8 ലക്ഷം കോടിയുടെ യുപിഐ ഇടപാടുകളായിരുന്നു. 9 ശതമാനത്തിന്റെ കുതിച്ചുചാട്ടമാണ് ഒക്ടോബറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. യുപിഐ വഴി സുഗമമായി പേയ്‌മെന്റുകൾ നടത്തുന്ന പ്രവണത വർദ്ധിക്കുന്നതിന്റെ തെളിവുകളാണ് ഇത്.
നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് (എൻപിസിഐ) പുതിയ കണക്കുകൾ പുറത്തുവിട്ടത്. യുപിഐ ഇടപാടുകളിലും വർദ്ധനവുണ്ടായിട്ടുണ്ട്. 55 ശതമാനമാണ് ഇടപാടുകളിലെ വർദ്ധനവ്. മൂല്യത്തിന്റെ അടിസ്ഥാനത്തിൽ 42 ശതമാനം വളർച്ചയുമുണ്ടായിട്ടുണ്ടെന്നും എൻപിസിഐ പുറത്തുവിട്ട കണക്കുകൾ പറയുന്നു. ഉത്സവമാസത്തിലാണ് ഇടപാടുകളിൽ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.
നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് ഇന്ത്യയിലെ റീട്ടെയിൽ പേയ്‌മെന്റുകൾക്ക് മേൽനോട്ടം വഹിക്കുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും ഇന്ത്യൻ ബാങ്കുകളുടെ അസോസിയേഷനും തമ്മിലുള്ള സഹകരണത്തിലൂടെയാണ് എൻപിസിഐ രൂപീകരിച്ചത്.