കഴിഞ്ഞ ദിവസമായിരുന്നു ഐശ്വര്യ റായ് ബച്ചന്റെ 50-ാം ജന്മദിനം. മുൻ ലോകസുന്ദരിയുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും ഫോട്ടോകളുമെല്ലാം സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധനേടി കഴിഞ്ഞു. എന്നാൽ ഇപ്പോൾ സമൂഹമാദ്ധ്യമത്തിൽ വെെറലാകുന്നത് പിറന്നാൾ ആഘോഷം നടക്കുന്നതിനിടെ ഒരു പൊതുവേദിയിൽ തന്റെ അമ്മ ഐശ്വര്യ റായിയെ അഭിനന്ദിക്കുന്ന ആരാധ്യ ബച്ചന്റെ വീഡിയോയാണ്. ആദ്യമായാണ് ഒരു പൊതു വേദിയിൽ മാദ്ധ്യമങ്ങൾക്ക് മുമ്പിൽ ആരാധ്യ ബച്ചൻ സംസാരിക്കുന്നത്.
തന്‍റെ പിറന്നാളിനോടനുബന്ധിച്ച് കാൻസർ രോഗികളുടെ ക്ഷേമത്തിനായി സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ അമ്മ വൃന്ദ റായിക്കും മകൾ ആരാധ്യ ബച്ചനുമൊപ്പമാണ് ഐശ്വര്യ പങ്കെടുത്തത്. ഇതിനിടെയാണ് പൊതുവേദിയിൽ ആദ്യമായി എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ആരാധ്യ മൈക്ക് എടുത്ത് അമ്മയെ പുകഴ്‌ത്തി ഹൃദയസ്പർശിയായ പ്രസംഗം നടത്തിയത്. തന്‍റെ അമ്മയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ച് ആരാധ്യ സംസാരിച്ചു. ആരാധ്യയുടെ വാക്കുകൾ ഇങ്ങനെ…
View this post on Instagram
“എന്റെ ഡാർളിംഗ്, അമ്മയാണ് എന്റെ ജീവിതം, അമ്മ ചെയ്യുന്നത് ശരിക്കും പ്രധാനപ്പെട്ട കാര്യങ്ങളാണെന്ന് ഞാൻ കരുതുന്നു. മറ്റുള്ളവരെ സഹായിക്കുന്നു, നമുക്ക് ചുറ്റുമുള്ള എല്ലാവരെയും സഹായിക്കുന്നു. നിങ്ങൾ ചെയ്യുന്നത് ശരിക്കും ഗംഭീരമായ ഒന്നാണെന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നു.’ ” ആരാധ്യ പറഞ്ഞു. 11 വയസ്സുകാരി ആരാധ്യയുടെ വാക്കുകള്‍ കേട്ടതോടെ ഒരേ സമയം അത്ഭുതവും അഭിമാനവും കൊണ്ട് ആരാധ്യയെ നോക്കുന്ന ഐശ്വര്യയെ വീഡിയോയിൽ കാണാനാകുന്നതാണ്.
ഐശ്വര്യയും അവരുടെ അമ്മ വൃന്ദയും ആരാധ്യയും ഒരുമിച്ചാണ് ചടങ്ങിൽ കേക്ക് മുറിച്ചത്. പിറന്നാൾ കേക്ക് നൽകിയെങ്കിലും കർവാ ചൗത്ത് വ്രതം അനുഷ്ഠിക്കുന്നതിനാൽ ഐശ്വര്യ കേക്ക് കഴിച്ചിരുന്നില്ല. ഇതിന് നിരവധിപേരാണ് ഐശ്വര്യയെ അഭിനന്ദിക്കുന്നത്. കുടുംബ കാര്യത്തിലും മകളുടെ കാര്യത്തിലും ശ്രദ്ധപുലർത്തുന്ന ഐശ്വര്യ എന്നും പ്രേക്ഷകർക്കിടയിൽ ചർച്ചയാകാറുണ്ട്. ഭർത്താവും നടനുമായ അഭഷേക് ബച്ചനും ഇക്കാര്യം തുറന്ന് സംസാരിച്ചിട്ടുണ്ട്.