എറണാകുളം: സിനിമാ റിവ്യൂ ബോംബിംഗുമായി ബന്ധപ്പെട്ട് പരാതിക്കാർക്ക് നിയമസഹായം ഉറപ്പാക്കുമെന്ന് നിർമ്മാതാക്കളുടെ സംഘടനയും ഫെഫ്കയും. സിനിമാ റിവ്യൂവിന്റെ പേരിലുണ്ടാകുന്ന ക്രിമിനൽ പ്രവർത്തനങ്ങൾ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും സിനിമാ റിവ്യൂ ബോംബിംഗ് തടയാൻ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും ഫെഫ്ക അറിയിച്ചു.
സിനിമാ റിവ്യൂകൾക്ക് വിലക്കോ സമയപരിധിയോ ഏർപ്പെടുത്താൻ ഉദ്ദേശമില്ല. ഈ രംഗത്തെ അനാരോഗ്യകരമായ പ്രവർത്തികൾ തടയുക മാത്രമാണ് ലക്ഷ്യം. ഡിജിറ്റൽ മാർക്കറ്റിംഗ് രംഗത്തുള്ളവരെ ഷോർട്ട് ലിസ്റ്റ് ചെയ്യാനും നിർമ്മാതാക്കളുടെ സംഘടനയുടെ അക്രെഡിറ്റേഷൻ നിർബന്ധമാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഫെഫ്ക വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം സിനിമാ റിവ്യൂ ബോംബിംഗുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ഫെഫ്കയും നിർമ്മാതാക്കളുടെ സംഘടനയും കൊച്ചിയിൽ യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് സിനിമ റിവ്യൂ സംബന്ധിച്ച പരാതികളിൽ നിയമസഹായം ഉറപ്പിക്കാനും ഇതിനായി ഒരു സംയുക്ത സമിതിയെ രൂപീകരിക്കാനും തീരുമാനിച്ചത്.















