മമ്മൂട്ടിയുടെ വമ്പൻ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്നത്. സമീപകാലങ്ങളിൽ എത്തിയ ചിത്രങ്ങളൊക്കെയും പ്രേക്ഷക പ്രതീക്ഷകൾക്കൊത്ത് ഉയർന്നതായിരുന്നു. തൊട്ടതെല്ലാം ഹിറ്റാക്കുന്ന താരത്തിന്റെ അഭിനയത്തെ വാഴ്‌ത്തുമ്പോൾ പ്രേക്ഷകർക്ക് ഒരേയൊരു പരിഭവമേ ഉണ്ടായിരുന്നുള്ളൂ.
മമ്മൂട്ടിയുടെ ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായിട്ട് ഒരു വർഷം പിന്നിട്ടിരിക്കുകയാണ്. എന്നാൽ റിലീസുമായി ബന്ധപ്പെട്ട് ഒരു വിവരവും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. പറഞ്ഞുവരുന്നത് ജിയോ ബേബിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന കാതലിനെക്കുറിച്ചാണ്.
കഴിഞ്ഞ നവംബറിൽ മമ്മൂട്ടിയുടെ നായികയായി ജ്യോതിക എത്തുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായിരുന്നു. എന്നാൽ വമ്പൻ പടങ്ങൾ തുടർച്ചയായി വരുന്നതുകൊണ്ട് കാതലിന്റെ റിലീസ് വൈകിപ്പിക്കുകയായിരുന്നു. ഇപ്പോഴിതാ സിനിമയുടെ റിലീസ് തീയതി നാളെ വൈകിട്ട് ആറിന് പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറക്കാർ.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ നിർമ്മാണം. മാത്യു ദേവസി എന്നാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.















