ഗരുഡൻ മലയാളക്കരയിൽ പറന്നിറങ്ങി; സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ മാസ്, ക്ലാസ് ദൃശ്യ വിരുന്ന്

Published by
Janam Web Desk

സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ ഈ വർഷത്തെ ആദ്യ ചിത്രം ഗരുഡൻ ഇന്ന് തിയറ്ററുകളിലെത്തി. ഗരുഡന്റെ ആദ്യ പ്രദർശനം കേരളത്തിലെ തിയേറ്ററുകളിൽ രാവിലെ 9 മണി മുതൽ ആരംഭിക്കും. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി കൊച്ചിയിൽ ഇന്നലെ പ്രിവ്യൂ ഷോ നടന്നിരുന്നു. സുരേഷ് ഗോപിയും ബിജു മേനോനും ഒരേപോലെ കൈയടി നേടുന്ന ചിത്രമാണിതെന്ന് ഉറപ്പ് നൽകുകയാണ് പ്രിവ്യൂ കണ്ടിറങ്ങിയ പ്രേക്ഷകർ.

രാത്രി 7ന് നടന്ന പ്രിവ്യൂ ഷോയ്‌ക്ക് ശേഷം മികച്ച അഭിപ്രായമാണ് ചിത്രം നേടുന്നത്. നിരവധി മലയാള സിനിമകൾ സംവിധാനം ചെയ്ത യുവ സംവിധായകൻ മിഥുൻ മാനുവൽ തോമസാണ് ഗരുഡന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലയാളത്തിന് ലഭിക്കുന്ന ഒരു മികച്ച ത്രില്ലർ ചിത്രം കൂടിയായിരിക്കും ഗരുഡൻ എന്നാണ് പ്രേക്ഷകർ ഒറ്റ സ്വരത്തിൽ പറയുന്നത്.

വലിയൊരിടവേളയ്‌ക്ക് ശേഷം സുരേഷ് ഗോപിയും ബിജുമേനോനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഗരുഡൻ. ഇത്രയും സീനിയർ താരങ്ങളെ ഉപയോഗിച്ച് ഒരു നവാഗത സംവിധായകനാണോ ഗരുഡൻ അണിയിച്ചൊരുക്കിയിരിക്കുന്നത് എന്ന് പറയാൻ സംശയിക്കും വിധമാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ സംവിധാന മികവ് എടുത്ത് പറയേണ്ടതാണെന്നും ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ വ്യക്തമാക്കുന്നു.

മൈൻഡ് ഗെയിം എന്ന മലയാള സിനിമയിൽ അധികം കണ്ടിട്ടില്ലാത്ത ആഖ്യാന സങ്കേതമാണ് ഗരുഡന്റെ കഥപറയാനായി ഉപയോഗിച്ചിരിക്കുന്നത്. പതിഞ്ഞ താളത്തിൽ കൊട്ടിക്കയറുന്ന തൃശൂർ പൂരത്തിന്റെ പഞ്ചാരിമേളം പോലെയാണ് ഗരുഡൻ എന്നാണ് സിനിമ കണ്ടിറങ്ങിയ ഒരു പ്രേക്ഷകൻ അഭിപ്രായപ്പെട്ടത്. കലാശക്കൊട്ട് പോലെയുള്ള ക്ലെെമാക്സ് ആണെന്നും പ്രേക്ഷകർ പറയുന്നു.

ആദ്യ പകുതിയെ വെല്ലുന്ന തരത്തിലുള്ള രണ്ടാം പകുതി. പ്രേക്ഷകരെ കാത്തിരിക്കുന്ന സസ്പെൻസുകൾ, മികച്ച ആക്ഷൻ രംഗങ്ങൾ, പൂർണ്ണ തൃപ്തി ലഭിക്കുന്ന ക്ലൈമാക്സ്. അങ്ങനെ നീളുന്നു ചിത്രത്തിന്റെ തിയേറ്റർ എക്സ്പീരിയൻസ്. മലയാള സിനിമയിലെ യുവതാരങ്ങളും സിനിമ നിരൂപകരുമടക്കം നിരവധി പേരാണ് കൊച്ചിയിൽ നടന്ന പ്രിവ്യൂ ഷോ കാണാനെത്തിയത്. ചിത്രത്തിന്റെ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫനും ചിത്രം കാണാൻ എത്തിയിരുന്നു.

നവാഗതനായ അരുൺ വർമ്മയാണ് സംവിധാനം ചെയ്യുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമ്മിക്കുന്നത്. സിദ്ധിഖ്, ദിലീഷ് പോത്തൻ, ജഗദീഷ്, ദിവ്യ പിള്ള എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ക്യാമറ ചെയ്തത്. കഥ ജിനേഷ് എം, സംഗീതം ജെയ്ക്‌സ് ബിജോയ്, എഡിറ്റർ ശ്രീജിത്ത് സാരംഗ്.

Share
Leave a Comment