എറണാകുളം: ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പോലീസുകാർക്കെതിരെ കേസെടുത്തു. ട്രാഫിക് യൂണിറ്റിലെ ബിജു, പ്രോംസൺ എന്നിവർക്കെതിരെയാണ് കേസെടുത്തത്. പെരുമ്പാവൂർ സ്വദേശി പാർത്ഥിപന്റെ പരാതിയിലാണ് നടപടി. കുറ്റക്കാർക്കെതിരെ വകുപ്പുതല നടപടിയിൽ ഇന്ന് തീരുമാനമായേക്കുമെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞ മാസം 28-ാം തീയതിയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. പെരുമ്പാവൂരിൽ നിന്നും സുഹൃത്തിനെ കാണാൻ പോയ സമയത്തായിരുന്നു പതിനേഴുകാരനായ വിദ്യാർത്ഥിയെ പോലീസ് പിടികൂടിയത്. വാഹനത്തിൽ ലഹരി മരുന്നുണ്ടെന്ന് ആരോപിച്ച് പോലീസ് വഴിയിലിട്ട് മർദ്ദിക്കുകയായിരുന്നെന്ന് വിദ്യാർത്ഥിയുടെ പരാതിയിൽ പറയുന്നു. പോലീസുകാരുടെ മർദ്ദനത്തെ തുടർന്ന് നട്ടെല്ലിന് പരിക്കേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം ആരോപണങ്ങളെല്ലാം പോലീസുകാർ നിഷേധിച്ചിരുന്നു. വാഹനപരിശോധനയ്‌ക്കിടെ വിദ്യാർത്ഥി നിർത്താതെ പോയതിനെ തുടർന്നാണ് ചോദ്യം ചെയ്തതെന്നും തങ്ങൾ മർദ്ദിച്ചിട്ടില്ലെന്നുമായിരുന്നു പോലീസുകാരുടെ വാദം. തുടർന്ന് പാലാ ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിലാണ് ട്രാഫിക് യൂണിറ്റിലെ രണ്ട് പോലീസുകാർ വിദ്യാർത്ഥിയെ മർദ്ദിച്ചതായി കണ്ടെത്തിയത്. പോലീസുകാർക്കെതിരെ നടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.















