മുംബൈ: ഷോര്‍ട്ട് ബോള്‍ കളിക്കാനുള്ള പ്രശ്‌നങ്ങളെക്കുറിച്ച് ചോദിച്ച മാദ്ധ്യമങ്ങളോട് ചൂടായി ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍. ഇംഗ്ലണ്ടിനെതിരെ ഷോര്‍ട്ട് ബോളില്‍ ശ്രേയസ് അയ്യര്‍ പുറത്തായിരുന്നു. എന്നാല്‍ ഇന്നലത്തെ മത്സരത്തില്‍ 56 പന്തില്‍ 82 റണ്‍സെടുത്ത് ഇന്ത്യന്‍ മധ്യനിരയില്‍ നിര്‍ണായക പ്രകടനം പുറത്തെടുത്ത ശ്രേയസ് മൂന്ന് ഫോറും ആറ് സിക്‌സും പറത്തിയിരുന്നു.
മത്സരശേഷം വാര്‍ത്താ സമ്മേളനത്തിന് എത്തിയപ്പോഴാണ് ശ്രേയസിനോട് ഷോര്‍ട്ട് പിച്ച് പന്തുകള്‍ നേരിടുമ്പോഴുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചോ എന്നും പേസ് കരുത്തുള്ള ദക്ഷിണാഫ്രിക്കക്കെതിരായ അടുത്ത മത്സരത്തിന് മുമ്പ് എന്തൊക്കെ തയാറെടുപ്പുകളാണ് നടത്തുന്നതെന്നും മാദ്ധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്.ഇതാണ് ശ്രേയസിനെ ചൊടിപ്പിച്ചത്.
‘ഷോര്‍ട്ട് പിച്ച് പന്തുകള്‍ നേരിടാന്‍ തനിക്ക് പ്രശ്‌നമുണ്ടെന്നത് മാദ്ധ്യമങ്ങള്‍ പറയുന്നത.് താന്‍ പുള്‍ ഷോട്ടില്‍ ബൗണ്ടറി നേടുന്നത് നിങ്ങള്‍ കണ്ടിട്ടില്ലെ, ഏത് പന്തും അടിക്കാന്‍ ശ്രമിച്ചാല്‍ ഔട്ടാവാനുള്ള സാദ്ധ്യത കൂടുതലാണ്. അത് ഷോര്‍ട്ട് ബോളായാലും ഓവര്‍ പിച്ച് ആയാലും അങ്ങനെയാണ്. രണ്ട് മൂന്ന് തവണ ബൗള്‍ഡായാല്‍ ഉടന്‍ ഇന്‍ സ്വിംഗിഗ് പന്തുകള്‍ കളിക്കാന്‍ കഴിയില്ലെന്ന് പറയും. പന്ത് സീം ചെയ്യുന്നുണ്ടെങ്കില്‍ കട്ട് ചെയ്യാനറിയില്ലെന്ന് പറയും.
കളിക്കുമ്പോള്‍ പലതരത്തിലുള്ള പന്തുകളിലും പുറത്താവും. മാദ്ധ്യമങ്ങള്‍ അതിലോരോന്നും ഇഴകീറി നോക്കുമ്പോള്‍ ഞങ്ങളുടെ മനസിലും അക്കാര്യങ്ങള്‍ ഉണ്ടാകും. അതിനെക്കുറിച്ച് ആലോചിച്ച് അസ്വസ്ഥരാവും. ഷോര്‍ട്ട് ബോളുകള്‍ അടിക്കാന്‍ ശ്രമിക്കുമ്പോള്‍ ചിലപ്പോള്‍ റണ്‍ കിട്ടും, ചിലപ്പോള്‍ ഔട്ടാവും. ചിലപ്പോള്‍ കൂടുതല്‍ തവണ ഞാന്‍ ഔട്ടായിട്ടുണ്ടാവും, അതൊരു പ്രശ്‌നമാണെന്ന് നിങ്ങള്‍ കരുതുന്നു. എന്നാല്‍ തനിക്കത് ഒരു പ്രശ്‌നമേ അല്ലെന്നും ശ്രേയസ് പറഞ്ഞു.