എറണാകുളം: കളമശ്ശേരി സ്‌ഫോടനക്കേസിൽ പ്രതി മാർട്ടിന്റെ വിദേശ ബന്ധങ്ങൾ പരിശോധിക്കുമെന്ന് പോലീസ്. 15 വർഷം തുടർച്ചയായി ദുബായിൽ ഉണ്ടായിരുന്ന മാർട്ടിൻ മറ്റ് ഏതെങ്കിലും രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുണ്ടോയെന്നും സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടോയെന്നും പരിശോധിക്കും. ഇത് കൂടാതെ തിരിച്ചറിയൽ പരേഡിനും വിധേയമാക്കുമെന്ന് പോലീസ് അറിയിച്ചു.
മാർട്ടിൻ ഉപയോഗിച്ചിരുന്ന എല്ലാ സാമൂഹ്യമാദ്ധ്യമ അക്കൗണ്ടുകളും വിശദമായി പരിശോധിക്കും. നിലവിൽ പ്രതിയുടെ മൊബൈൽ ഫോൺ ഫോറൻസിക് സംഘം പരിശോധിച്ച് വരികയാണ്. ആക്രമണത്തിന്റെ പ്രധാന സൂത്രധാരൻ മാർട്ടിൻ ആണെന്നും, ബോംബ് നിർമ്മിച്ചത് ഇയാൾ ഒറ്റയ്‌ക്കാണെന്നും കഴിഞ്ഞ ദിവസം പോലീസ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. മാർട്ടിന്റെ തിരിച്ചറിയൽ പരേഡ് നടത്താൻ കോടതി അനുമതി നൽകിയിട്ടുണ്ട്.
കേരളത്തെ നടുക്കിയ കളമശ്ശേരി യഹോവ സാക്ഷികളുടെ കൺവെൻഷനിടെയുണ്ടായ സ്‌ഫോടനത്തിൽ മൂന്ന് പേരാണ് മരണപ്പെട്ടത്. മലയാറ്റൂർ സ്വദേശി ലിബിന (12), എറണാകുളം സ്വദേശി ലയോണ പൗലോസ് (60), തൊടുപുഴ സ്വദേശി കുമാരി (53) എന്നിവർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. സ്‌ഫോടനത്തിൽ പരിക്കേറ്റ 25-ഓളം പേരാണ് ചികിത്സയിൽ കഴിയുന്നത്.















