റായ്പൂർ: ഛത്തീസ്ഗഡിലെ കമ്യൂണിസ്റ്റ് നക്‌സൽ ബാധിത പ്രദേശമായിരുന്ന കാങ്കർ ജില്ലയിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാത്ത് കൊച്ചു പെൺകുട്ടിയുണ്ടായിരുന്നു. താൻ വരച്ച പ്രധാനമന്ത്രിയുടെ രേഖാചിത്രം കൈയിൽ ഉയർത്തി പിടിച്ച് കൊണ്ട് സദസിൽ സ്ഥാനം പിടിച്ച പെൺകുട്ടി മണിക്കൂറുകൾ കൊണ്ടാണ് ഗ്രാമത്തിലെ താരമായത്. പ്രധാനമന്ത്രിക്ക് ചിത്രവും സമ്മാനിച്ച് അനുഗ്രഹവും വാങ്ങിയ കൊച്ചു മിടുക്കിയുടെ പേരാണ്
ആകാൻഷ താക്കൂർ.
താരമായതിന്റെ കഥ ആകാൻഷയുടെ വാക്കുകളിൽ “പ്രധാനമന്ത്രി ഗ്രാമത്തിൽ വരുമെന്ന് എല്ലാവരും പറഞ്ഞിരുന്നു. അദ്ദേഹത്തെ കാണുമ്പോൾ സമ്മാനിക്കാനായി ഞാൻ ഒരു രേഖാചിത്രം വരച്ചു. പ്രധാനമന്ത്രിയെ കാണാൻ നേരത്തെ തന്നെ പരിപാടി നടക്കുന്ന സ്ഥലത്ത് പോയി. മുന്നിൽ തന്നെ ഇടം പിടിച്ചു. ചിത്രം പിടിച്ചു നിൽക്കുന്ന എന്നെ പ്രധാനമന്ത്രി കണ്ടു. അദ്ദേഹം എന്നെ അനുഗ്രഹിക്കുകയും മനോഹരമായി വരച്ചെന്ന് പ്രശംസിക്കുകയും ചെയ്തു. ഞാൻ വരച്ച ചിത്രം കൈപ്പറ്റാൻ ഉദ്യോഗസ്ഥരോട് അഭ്യർത്ഥിക്കുകയും ചെയ്തു. കൂടാതെ ചിത്രത്തിൽ മേൽവിലാസം എഴുതാനും പറഞ്ഞു, എനിക്ക് കത്ത് എഴുതാമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്. ഏറെ നേരമായി നിൽക്കുന്നത് കണ്ടെന്നും ക്ഷീണിച്ചു പോകുമെന്നും അതിനാൽ ഇരിക്കാനും പ്രധാനമന്ത്രി എന്നോട് പറഞ്ഞു” ആകാൻഷ ആവേശത്തൊടെ പറയുന്നു.
ഛത്തീസ്ഗഢിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കാനാണ് പ്രധാനമന്ത്രി കാങ്കർ ജില്ലയിൽ എത്തിയത്. ഒരു കാലത്ത് കമ്യൂണിസ്റ്റ് ഭീകരർ പിടിമുറുക്കിയ പ്രദേശം ഇന്ന് സമാധാനത്തിന്റേയും വികസനത്തിന്റേയും പാതയിലാണ്.
ഛത്തീസ്ഗഢിൽ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. നവംബർ 7 ന് ഛത്തീസ്ഗഡിലെ 20 സീറ്റുകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് നടക്കും. നവംബർ 17 ന് ബാക്കിയുള്ള 70 സീറ്റുകളിലേക്കുള്ള വോട്ടിംഗ് നടക്കും. ഡിസംബർ 3 നാണ് ഫലപ്രഖ്യാപനം.















