ജയ്പൂർ: സോഫയിലിരുന്നപ്പോൾ ഉള്ളിൽ നിന്നൊരു വ്യത്യസ്തമായ ശബ്ദം കേട്ടു. സോഫ മറിച്ചിട്ടും തിരിച്ചിട്ടും പരിശോധിച്ചു. എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിൽ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത് പത്തി വിടർത്തിയ ഉഗ്രൻ വിഷ പാമ്പിനെ. അഞ്ചടി നീളമുള്ള മൂർഖൻ പാമ്പിനെയാണ് സോഫയുടെ പുറകിൽ നിന്ന് കണ്ടെത്തിയത്. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. ഭീംപുര സ്വദേശി ബാബുലാൽ മേഘ്‌വാളിന്റെ വീട്ടിലാണ് സോഫയ്‌ക്കിടയിൽ ഒളിച്ചിരുന്ന മൂർഖൻ പാമ്പിനെ കണ്ടെത്തിയത്.
സോഫയുടെ പുറക് വശത്തുള്ള കീറിയ ഭാഗത്തായിരുന്നു പാമ്പ് കയറി ഒളിച്ചിരുന്നത്. ഇതറിയാതെ സോഫയിലിരുന്ന ബാബുലാൽ മൂർഖൻ ചീറ്റുന്ന ശബ്ദം കേട്ടാണ് ശ്രദ്ധിച്ചത്. പെട്ടെന്ന് സോഫയുടെ എല്ലാ ഭാഗത്തും പരിശോധിക്കുകയായിരുന്നു. പാമ്പിനെ കണ്ടതോടെ ഇതിനെ എങ്ങനെ പുറത്തെടുക്കുമെന്ന ചിന്തയിലായിരുന്നു ബാബുലാലും കുടുംബവും. ഉടൻ തന്നെ നാട്ടുകാരെ വിവരമറിയിച്ച് പാമ്പ് പിടുത്തക്കാരനെ വിളിച്ച് വരുത്തി. കമ്പി കൊണ്ട് പാമ്പിനെ കുത്തി പുറത്തിടാൻ നോക്കിയെങ്കിലും ശ്രമം പരാജയപ്പെട്ടു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് മൂർഖനെ പിടികൂടാൻ സാധിച്ചത്.
പ്രദേശത്ത് നേരത്തെയും വിഷ പാമ്പുകളെ കണ്ടെത്തിയിരുന്നു. അടുത്തിടെ ഭീംപുര മേഖലയിൽ വിഷപാമ്പുകളെ കണ്ടെത്തിയ പശ്ചാത്തലത്തിൽ പ്രദേശവാസികളോട് ജാഗ്രത പാലിക്കാൻ വനംവകുപ്പ് അധികൃതർ അറിയിച്ചു.