ന്യൂഡൽഹി: അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രാഥമിക രൂപരേഖ 32 വർഷം മുൻപ് തന്നെ താൻ തയ്യാറാക്കി വെച്ചിരുന്നതായി ക്ഷേത്രത്തിന്റെ മുഖ്യ വാസ്തുശില്പി ചന്ദ്രകാന്ത് സോംപുര. ജനുവരിയിൽ ശ്രീരാമമന്ദിറിന്റെ പ്രതിഷ്ഠാ കർമ്മത്തിന് തയ്യാറെടുക്കവെയാണ് ചന്ദ്രകാന്ത് സോംപുര പിന്നിട്ട വഴികളെ കുറിച്ച് മനസ് തുറന്നത്. ഗുജറാത്തിലെ അക്ഷർധാം, സോമനാഥ് ക്ഷേത്രങ്ങൾ ഉൾപ്പെടെ 200-ലധികം ക്ഷേത്രങ്ങൾ രൂപകൽപ്പന ചെയ്ത ക്ഷേത്ര വാസ്തുശില്പികളുടെ കുടുംബത്തിൽ നിന്നുള്ളയാളാണ് 77 കാരനായ ചന്ദ്രകാന്ത് സോംപുര.
“32 വർഷം മുമ്പ് വിഎച്ച്പിയുടെ മുതിർന്ന നേതാവായ അശോക് സിംഗാളാണ് ആദ്യമായി ക്ഷേത്ര നിർമാണത്തിന്റെ ചുമതല തന്നെ ഏൽപ്പിച്ചത്. അദ്ദേഹം തന്നെ രാമജന്മഭൂമിയിൽ എന്നെ കൂട്ടിക്കൊണ്ടുപോയി .ഭൂമി അളവെടുക്കാൻ പോലും ഞങ്ങളെ അന്ന് അനുവദിച്ചിരുന്നില്ല. ഞങ്ങൾ കാലുകൊണ്ട് പ്രദേശം അളക്കുകയും സ്ഥലത്തിന്റെ വിസ്തീർണ്ണം കണക്കാക്കുകയും ചെയ്തു” ചന്ദ്രകാന്ത് സോംപുര പറഞ്ഞു.
“പിന്നീട് 1990ലെ കുംഭമേളയിൽ പ്രദർശിപ്പിച്ച ഒരു പ്ലാൻ അനുസരിച്ച രൂപരേഖ തയ്യാറാക്കി. പിന്നെ കുറെ വർഷങ്ങളായി പണി മന്ദഗതിയിലായി. ക്ഷേത്രം പണിയുമോ ഇല്ലയോ എന്നുള്ള പ്രതീക്ഷ നമുക്ക് പലപ്പോഴും നഷ്ടപ്പെട്ടിരുന്നു. ഇപ്പോൾ കോടതിയുടെ ഉത്തരവിനെത്തുടർന്ന് ബൃഹത്തായ ക്ഷേത്രം വളരെ പെട്ടന്ന് നിർമ്മിക്കാൻ ആവശ്യപ്പെട്ടു. നിലവിൽ 50% ലധികം പണി പൂർത്തിയായി. 2024 ജനുവരി 22 ലെ ‘പ്രാണ പ്രതിഷ്ഠ’ മുഴുവൻ രാജ്യത്തിനും അഭിമാനകരമായ കാര്യമാണ്, 35 വർഷത്തെ സമര പോരാട്ടത്തിന്റെ ഫലമാണ് വിഗ്രഹ പ്രതിഷ്ഠാ കർമ്മം” അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തര-മധ്യേന്ത്യയിലെ വാസ്തുവിദ്യയായ ‘നാഗർ ശൈലി’ യാണ് ക്ഷേത്ര നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.”
ക്ഷേത്രത്തിന് 5 മണ്ഡപങ്ങൾ ഉണ്ട്. പ്രധാന ശ്രീകോവിൽ 20 മുതൽ 20 അടി വരെ അഷ്ടഭുജാകൃതിയിലാണ്, ഇത് വിഷ്ണുവിന്റെ 8 രൂപങ്ങളെ സൂചിപ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ചന്ദ്രകാന്ത് സോംപുരയുടെ പിതാവ് പ്രഭാകർ സോംപുര ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിന്റെയും ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ മഥുരയിലെ ക്ഷേത്രത്തിന്റെയും ശില്പിയായിരുന്നു. പിതാവിന്റെ പാത പിന്തുടർന്ന ചന്ദ്രകാന്ത് സോംപുര 131 ക്ഷേത്രങ്ങൾ രൂപകൽപ്പന ചെയ്തിട്ടുണ്ട്. ഗാന്ധിനഗറിലെ സ്വാമി നാരായൺ ക്ഷേത്രം, പാലൻപൂരിലെ അംബാജി ക്ഷേത്രം എന്നിവയും മറ്റു പലതും ഇതിൽ ഉൾപ്പെടുന്നു.















