എറണാകുളം: പോക്സോ കേസിൽ 98 ദിവസം ജയിലിൽ കഴിഞ്ഞ വനവാസി യുവാവ് ഒടുവിൽ നിരപരാധിയെന്ന് തെളിഞ്ഞു. പതിനാലുകാരി ഗർഭിണിയായ സംഭവത്തിലാണ് ഉപ്പുതറ കണ്ണംപടി ഇന്തിനാൽ ഇ എം വിനീത് ജയിലിലായത്. എന്നാൽ ഡിഎൻഎ ഫലം ലഭിച്ചതൊടെയാണ് യുവാവ് നിരപരാധിയെന്ന് തെളിഞ്ഞത്. ഉപ്പുതറ കട്ടപ്പന ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് യുവാവിനെ കുറ്റവിമുക്തനാക്കിയത്. കേസിലെ യഥാർത്ഥ കുറ്റവാളിയെയും കണ്ടെത്തിയിട്ടുണ്ട്.
2019 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉപ്പുതറ ഗവ. ആശുപത്രിയിൽ വയറുവേദനയുമായി എത്തിയ പതിനാലുകാരി നാലുമാസം ഗർഭിണിയാണെന്ന് പരിശോധനയിൽ കണ്ടെത്തി. എന്നാൽ ഗർഭിണിയാക്കിയത് ആരാണെന്ന് പറയാൽ പെൺകുട്ടി കൂട്ടാക്കിയില്ല. എന്നാൽ വിനീതല്ല ഉത്തരവാദിയെന്ന് പെൺകുട്ടിയും അമ്മയും പറഞ്ഞിട്ടും യുവാവിനെ പോലീസ് ബലമായി പിടികൂടുകയായിരുന്നു. ഇതിനിടെ ഡിഎൻഎ ഫലത്തിൽ പെൺകുട്ടിയുടെ കുഞ്ഞിന്റെ പിതാവ് വിനീതല്ലെന്ന് തെളിഞ്ഞു.
തന്റെ അർദ്ധസഹോദരനാണ് പീഡിപ്പിച്ചതെന്ന പെൺകുട്ടി മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഇയാളെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഡിഎൻഎ പരിശോധനയിൽ, കുഞ്ഞിന്റെ അച്ഛൻ ഇയാളല്ലെന്ന് കണ്ടെത്തി. ഇയാൾ ഇപ്പോഴും ജയിലിൽ തുടരുകയാണ്.
ഡിഎൻഎ പരിശോധനയിൽ കണ്ണംപടി സ്വദേശിയായ ശ്രീധരനാണ് പെൺകുട്ടിയുടെ കുഞ്ഞിന്റെ അച്ഛനെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതോടെയാണ് വിനീതിനെ കുറ്റവിമുക്തനാക്കിയത്. നഷ്ടപരിഹാരം കിട്ടുംവരെയും നിയമപോരാട്ടം തുടരാനാണ് വിനീതിന്റെ തീരുമാനം.