പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സയിദ്. 28 ദിവസമായി തുടരുന്ന ഇസ്രായേൽ – ഗാസ യുദ്ധത്തിന്റെ സാഹചര്യത്തിലാണ് ഇരുവരുടെയും ഫോൺ സംഭാഷണം. പശ്ചിമേഷ്യൻ മേഖലയിൽ വർദ്ധിച്ചു വരുന്ന ഭീകരവാദം, സുരക്ഷാ പ്രതിസന്ധികൾ എന്നീ വിഷയങ്ങളിലായിരുന്നു ചർച്ച നടന്നത്. ഇത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സമൂഹ മാദ്ധ്യമത്തിൽ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.
യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സയിദുമായി പശ്ചിമേഷ്യയിലെ സാഹചര്യത്തെക്കുറിച്ച് ആശയവിനിമയം നടത്തിയതായും മേഖലയിലെ ഭീകരവാദം, സുരക്ഷാ സാഹചര്യങ്ങൾ, സാധാരണക്കാരുടെ വിയോഗം എന്നിവയിൽ ആഴത്തിലുള്ള ചർച്ചകൾ നടന്നതായും പ്രധാനമന്ത്രി സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു. സുരക്ഷയും മാനുഷിക സാഹചര്യവും കണക്കിലെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ശാശ്വതമായ സമാധാനവും, സുരക്ഷയും, സ്ഥിരതയുടെയും ആവശ്യകത ഇരുനേതാക്കളും അംഗികരിച്ചതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Had a good conversation with my brother HH @MohamedBinZayed, President of UAE, on the West Asia situation. We share deep concerns at the terrorism, deteriorating security situation and loss of civilian lives. We agree on the need for early resolution of the security and…
— Narendra Modi (@narendramodi) November 3, 2023
ഒക്ടോബർ 7ന് നടന്ന ആക്രമണം ഏകപക്ഷീയമായി ഹമാസ് നടത്തുകയായിരുന്നു എന്ന് സമൂഹമാദ്ധ്യമത്തിലുടെ പ്രധാനമന്ത്രി ആദ്യ അവസരത്തിൽ തന്നെ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ യുഎന്നിലും ഇന്ത്യ നിലപാട് വ്യക്തമാക്കിയിരുന്നു. പാലസ്തീനിലെ സാധാരണക്കാർക്കൊപ്പം നിൽക്കുമ്പോഴും, ഹമാസ് നടത്തിയ ആക്രമണത്തെ അതിശക്തമായാണ് ഇന്ത്യ അപലപിച്ചത്.