ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന്റെ ക്രെഡിറ്റ് ബിജെപിക്ക് നൽകാനാകില്ലെന്നും, മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പങ്ക് അവഗണിക്കാനാകില്ലെന്നുമുള്ള കോൺഗ്രസ് നേതാവ് കമൽനാഥിന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തർക്കഭൂമിയായിരുന്ന സമയത്ത് രാമക്ഷേത്രത്തിൽ ഹിന്ദുക്കൾക്ക് ആരാധന നടത്താൻ അനുമതി നൽകിയത് രാജീവ് ഗാന്ധിയാണെന്നാണ് ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കമൽനാഥ് പറഞ്ഞത്.
” രാമക്ഷേത്ര നിർമ്മാണത്തിന്റെ ക്രെഡിറ്റ് ഒരിക്കലും ബിജെപിക്ക് കൊടുക്കാനാകില്ല. രാമക്ഷേത്രം ഏതെങ്കിലും ഒരു പാർട്ടിക്ക് മാത്രം സ്വന്തമായിട്ടുള്ള ഒന്നില്ല. പക്ഷേ അയോദ്ധ്യയിലെ ക്ഷേത്രത്തെ സ്വകാര്യ സ്വത്തായിട്ടാണ് ബിജെപി കാണുന്നത്. രാമക്ഷേത്രം ഈ രാജ്യത്തിന്റെയാകെ സ്വത്താണെന്നു”മാണ് കമൽനാഥ് പറഞ്ഞത്.
എന്നാൽ ബിജെപി ഒരിക്കിലും രാമക്ഷേത്രത്തിന്റെ ക്രെഡിറ്റ് സ്വന്തമാക്കാൻ ശ്രമിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ അമിത് ഷാ, രാജീവ് ഗാന്ധി നൽകിയതെന്ന് കോൺഗ്രസ് അവകാശപ്പെടുന്ന സംഭാവനകൾ എന്താണെന്നും ചോദിച്ചു. ” എന്ത് അർത്ഥത്തിലാണ് കമൽനാഥ് ക്ഷേത്രത്തിന്റെ പുരോഗതിക്ക് രാജീവ് ഗാന്ധിക്ക് ക്രെഡിറ്റ് നൽകുന്നത്. ബിജെപി ഒരിക്കലും ക്ഷേത്രത്തിന് മേൽ അവകാശവാദം ഉന്നയിച്ചിട്ടില്ല.
തിരഞ്ഞെടുപ്പ് അടുത്തതോടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മധ്യപ്രദേശിൽ ചിലർക്ക് ഒരു പ്രത്യേക തരം ഹിന്ദു സ്‌നേഹം പൊട്ടിമുളച്ചിരിക്കുകയാണ്. ചിലർ പെട്ടന്ന് ഹനുമാൻ ഭക്തരായി മാറി. അവർ ഹിന്ദുമതത്തെ കുറിച്ച് നിരന്തരം സംസാരിക്കുന്നു. ഇപ്പോഴവർ രാമക്ഷേത്രത്തെ കുറിച്ച് സംസാരിക്കുന്നു. രാഹുൽ ഗാന്ധിയും പ്രിയങ്ക വാദ്രയും കമൽനാഥും ഒരിക്കലെങ്കിലും അയോദ്ധ്യയിലെ ക്ഷേത്രം സന്ദർശിച്ചിട്ടുണ്ടോ” എന്നും അദ്ദേഹം ചോദിച്ചു.