എറണാകുളം: ഈറ്റ് കൊച്ചി ഈറ്റ് എന്ന സമൂഹ മാദ്ധ്യമ കൂട്ടായ്മയിലെ രാഹുൽ എൻ. കുട്ടി മരിച്ച നിലയിൽ. തൃപ്പുണിത്തുറയിലെ വീട്ടിലാണ് ഇന്നലെ രാത്രി രാഹുലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ലെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. രാഹുലിന് ഭാര്യയും രണ്ട് വയസുള്ള മകനുമുണ്ട്.
ഭക്ഷണ പ്രേമികൾക്ക് നിരന്തരം പുതിയ ഭക്ഷണങ്ങൾ പരിചയപ്പെടുത്തുന്ന ഈറ്റ് കൊച്ചി ഈറ്റിലെ അംഗങ്ങളിലൊരാളായിരുന്നു രാഹുൽ. നിരവധി ഭക്ഷണങ്ങൾ മലയാളികൾക്ക് പരിചയപ്പെടുത്താൻ രാഹുൽ വളരെയധികം ശ്രദ്ധ ചെലുത്തിയിരുന്നു. ഈറ്റ് കൊച്ചി ഈറ്റിന്റെ ‘ഓ കൊച്ചി’ എന്ന പേജിലും രാഹുൽ വീഡിയോകൾ ചെയ്തിട്ടുണ്ട്. ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിലെ പ്രശസ്തമായ ഉണ്ണിയപ്പത്തെ കുറിച്ച് കഴിഞ്ഞ ദിവസം രാഹുൽ ചെയ്ത വീഡിയോയും സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. നാല് ലക്ഷത്തിലധികം ഫോളോവേഴ്‌സ് ആണ് ഇൻസ്റ്റഗ്രാമിൽ ഈറ്റ് കൊച്ചി ഈറ്റ് കമ്മ്യൂണിറ്റി ചാനലിനുള്ളത്.















