മുദ്ര എന്നാൽ എന്താണ്.?പ്രധാന യോഗമുദ്രകൾ ഏതൊക്കെ.? അവ എന്തിനാണ് ഉപയോഗിക്കുന്നത്.? മുദ്രകളുടെ ഗുണഫലങ്ങൾ എന്തൊക്കെ.? ഒരു സാമാന്യ പരിചയം

Published by
ജനം വെബ്‌ഡെസ്ക്

പ്രധാന യോഗമുദ്രകൾ
ഭാരതീയ പൈതൃകങ്ങളിൽ മുദ്രകൾക്ക് പ്രധാന സ്ഥാനമാണ് ഉള്ളത്. മുദ്രകളുടെ പ്രയോഗങ്ങൾ ഇല്ലാത്ത ഭാരതീയ ശാസ്ത്രങ്ങൾ വിരളമാണ് വേദങ്ങൾ തന്ത്രങ്ങൾ നൃത്തരൂപങ്ങൾ കായിക രൂപങ്ങൾ യോഗ തുടങ്ങിയവയിലെല്ലാം മുദ്രകളുടെ ഉപയോഗം ധാരാളമായി കാണുവാൻ സാധിക്കും.

യോഗശാസ്ത്രത്തിൽ മുദ്രകൾ വളരെ പ്രധാനമാണ്. യോഗമുദ്ര എന്നാൽ സാധകൻ പരമാത്മാവുമായി അല്ലെങ്കിൽ ദിവ്യപ്രജ്ഞയുമായി സ്വയം ബന്ധിപ്പിക്കുവാൻ ഉപയോഗിക്കുന്ന ആംഗ്യങ്ങൾ ആണ്. മനസ്സിലുള്ളത് ആംഗ്യവിക്ഷേപത്തിലൂടെ പുറത്തേക്ക് വിനിമയം നടത്തുന്നു. മുദ്രകൾ അനേകം ഉണ്ട്. അംഗവിക്ഷേപം മുതൽ ആസനങ്ങൾ, പ്രാണായാമം, ബന്ധങ്ങൾ, എന്നിവ സംഗമിച്ചുള്ള ക്രിയകൾ വരെ യോഗശാസ്ത്രത്തിലുണ്ട്.

ജ്ഞാനമുദ്ര, ചിൻമുദ്ര, നാസികാമുദ്ര, ശാംഭവി മുദ്ര, അശ്വിനി മുദ്ര, ഖേചരിമുദ്ര പ്രാണമുദ്ര, വജ്‌റാളിമുദ്ര, യോനിമുദ്ര, മഹാമുദ്ര, മഹാഭേദമുദ്ര, കാകിമുദ്ര, ഭുജാംഗനിമുദ്ര, ഭൂചരിമുദ്ര, ഉന്മനിമുദ്ര, തടാകിമുദ്ര എന്നിവയാകുന്ന പ്രധാന യോഗമുദ്രകൾ.

പ്രധാനപ്പെട്ട ചില മുദ്രകൾ എങ്ങനെ ചെയ്യാം എന്ന് താഴെ വിശദീകരിക്കുന്നു. 

ജ്ഞാനമുദ്ര.

ഏതെങ്കിലും ധ്യാന ആസനത്തിൽ ഇരിക്കുക. രണ്ട് കൈകളുടെയും ചൂണ്ടുവിരൽത്തുമ്പ് പെരുവിരലിന്റെ ആരംഭഭാഗത്ത് വയ്‌ക്കുക. ചൂണ്ടുവിരലിന്റെ മൂന്ന് മടക്കുകളിൽ ഏറ്റവും മുകളിലുള്ള മടക്കു ഭാഗം പെരുവിരലിന്റെ താഴ്ഭാഗത്ത് താങ്ങി വയ്‌ക്കുക. രണ്ട് കൈകളുടെയും ബാക്കി മൂന്നു വിരലുകൾ പരസ്പരം തൊടാതെ നേരെ പിടിക്കുക.. കൈത്തലങ്ങൾ തറയ്‌ക്ക് അഭിമുഖമായി വെക്കുക കൈകൾ വളയാതെ നീട്ടി കാൽമുട്ടുകളിൽ സ്വസ്ഥമായി വയ്‌ക്കുക.

ജ്ഞാനമുദ്രയുടെ ഗുണഫലങ്ങൾ

ധ്യാനത്തിലേക്ക് പ്രവേശിക്കുവാൻ ഏറ്റവും നല്ല മുദ്രയാണിത്. മനസ്സിനെ ഏകാഗ്രതയിലേക്ക് നയിക്കുന്നു.മൂന്നാം കണ്ണ് എന്ന് പറയപ്പെടുന്ന പീനൽ ഗ്രന്ഥിയെ ഉത്തേജിപ്പിക്കുന്നു.നദീ വ്യവസ്ഥയിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ചിന്മുദ്ര

ജ്ഞാനമുദ്രയുടെ തുടർക്രിയയാണ് ചിൻമുദ്ര. കൈത്തലങ്ങൾ മുകളിലേക്ക് അഭിമുഖമായി പിടിക്കുക എന്ന ഒരു വ്യത്യാസം മാത്രമാണ് ഇവിടെയുള്ളത്.

ചിന്മുദ്രയുടെ ഗുണഫലങ്ങൾ

ശരീരത്തെയും മനസ്സിനെയും കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുന്നു. മനസ്സിനെ ശാന്തമാക്കുകയും ചെയ്യുന്നു. മനസ്സിലെ സമ്മർദ്ദവും ഉത്കണ്ഠയും ഒഴിവാക്കുന്നു. ശരീരത്തിലെ ജീവശക്തിയായ പ്രാണനറെ ഒഴുക്കിനെ പ്രോത്സാഹിപ്പിക്കുകയും നാഡികളെ ഉത്തേജിപ്പിച്ച് നാഡീവ്യവസ്ഥയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.ഉറക്കമില്ലായ്മ സുഖപ്പെടുത്തുന്നു.

നാസികാമുദ്ര

നാസികാഗ്ര മുദ്ര എന്നും അറിയപ്പെടുന്നു. ഏതെങ്കിലും ധ്യാന നിലയിൽ ഇരിക്കുക. കഴുത്ത്, നട്ടെല്ല്, ശിരസ്, ഇവ നിവർന്ന് ഇരിക്കുക. മൂക്കിന്റെ തുമ്പത്തേക്ക് ദൃഷ്ടി ഉറപ്പിക്കുക. കണ്ണുകൾക്ക് അസ്വസ്ഥത തോന്നാത്തത്ര നേരം ദൃഷ്ടി ഉറപ്പിക്കുക. സമയപരിധി കൂട്ടിക്കൊണ്ടു വരിക.

നാസികാമുദ്രയുടെ ഗുണഫലങ്ങൾ

മൂലാധാര ചക്രത്തെ ഊർജ്ജപ്പെടുത്തുന്നു. ഇന്ദ്രിയങ്ങളെ ഉള്ളിലേക്ക് തിരിച്ച് ആത്മീയ പുരോഗതി നേടുന്നതിന് ഏകാഗ്രത വർധിപ്പിക്കുന്നതിനും ഏറ്റവും ഉത്തമമായ ക്രിയയാണ് നാസികാമുദ്ര അഥവാ നാസികാഗ്ര ദൃഷ്ടി മുദ്ര. കണ്ണുകളുടെ പേശികൾക്ക് ബലം നൽകുന്നു.ബുദ്ധി വികാസം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ശാംഭവി മുദ്ര.

സ്വസ്ഥമായ ധ്യാന ആസനത്തിൽ ഇരുന്ന് കൈകൾ ജ്ഞാന മുദ്രയിലോ ചിന്മുദ്രയിലോ കാൽമുട്ടിൽ വയ്‌ക്കുക ആദ്യം മുന്നിലുള്ള ഒരു ബിന്ദുവിൽ കണ്ണുകൾ ഉറപ്പിക്കുക ശിരസ്സനങ്ങാതെ സാവധാനം ദൃഷ്ടികൾ മാത്രം മുകളിലേക്ക് ആക്കുക.. കൂടുതൽ ഉയരങ്ങളിലേക്ക് നോക്കുക.. അതിനൊടുവിൽ പുരികങ്ങൾക്ക് മധ്യേ ദൃഷ്ടി ഉറപ്പിക്കുക യാതൊരു ചിന്തകളും ഇല്ലാതെ നിശ്ചലമായി ധ്യാനത്തിലേക്ക് പ്രവേശിക്കുക.

ശാംഭവി മുദ്രയുടെ ഗുണഫലങ്ങൾ

മൂന്നാം കണ്ണിനെ അതായത് ആജ്ഞാ ചക്രത്തെ ഊർജ്ജിതമാക്കുന്നു. ക്രിയ ചെയ്യുന്ന ആൾ പരമ പ്രജ്ഞയുമായി കൂട്ടിയിണക്കപ്പെടുന്നു. കണ്ണുകൾക്ക് ആരോഗ്യവും, ആകുലതകളിൽ നിന്നും സംഘർഷങ്ങളിൽ നിന്നും മോചനം ലഭിച്ച് മനസ്സ് സമാധാനപൂര്ണമാകുകയും ചെയ്യുന്നു.

ഡോക്ടർ അക്ഷയ് എം വിജയ്
ഫോൺ: 8891399119
ആയുർവേദ ഡോക്ടർ, യോഗ അധ്യാപകൻ, എഴുത്തുകാരൻ, എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ലേഖകൻ യോഗാസന സ്പോർട്സ് അസോസിയേഷന്റെ തൃശൂർ ജില്ല ജോയിന്റ് സെക്രട്ടറിയാണ്.

യോഗയെക്കുറിച്ചും മറ്റുള്ള വിഷയങ്ങളെക്കുറിച്ചും ഡോക്ടർ അക്ഷയ് എം വിജയ് ജനം ടിവി വെബ്സൈറ്റിൽ എഴുതിയിരിക്കുന്ന ലേഖനങ്ങൾ വായിക്കുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/dr-akshay-m-vijay/

Share
Leave a Comment