ബീജാപൂർ: ഛത്തീസ്ഗഡിലെ ബീജാപുരിൽ കമ്യൂണിസ്റ്റ് ഭീകരർ സ്ഥാപിച്ച ഐഇഡി (ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) പൊട്ടിത്തെറിച്ച് സിആർപിഎഫ് ജവാന് പരിക്ക്. 85-ാം ബറ്റാലിയൻ കോർപ്സ് സൈനികൻ പ്രശാന്ത് ഭൂവിനാണ് പരിക്കേറ്റത്. ഐഇഡി നിർവീര്യമാക്കാൻ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.
ഗംഗളൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ബുർജി ഗ്രാമത്തിന്റെ കിഴക്ക് ഭാഗത്ത് നിന്ന് മൂന്ന് കിലോഗ്രാം തൂക്കമുള്ള ഐഇഡിയായിരുന്നു കണ്ടെടുത്തതെന്ന് സിആർപിഎഫ് ഉദ്യോഗസ്ഥർ അറിയിച്ചു. പുസ്നർ ക്യാമ്പിലെ മെഡിക്കൽ ഓഫീസറാണ് പരിക്കേറ്റ ജവാനെ ചികിത്സിക്കുന്നത്. ജവാന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിന് പിന്നാലെ കമ്യൂണിസ്റ്റ് ഭീകരർക്കായുളള തിരച്ചിൽ സൈന്യം ഊർജ്ജിതമാക്കി.