ഭോപ്പാൽ: ലോകത്തെ ഒരു ശക്തിക്കും ഇന്ന് ഇന്ത്യയെ ഭീഷണിപ്പെടുത്താൻ സാധിക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഏത് ഭീഷണിയും നേരിടാൻ ഇന്ത്യ ഇന്ന് സജ്ജമാണ്. അതിർത്തിക്കുള്ളിൽ നിന്നും പുറത്തു നിന്നും രാജ്യത്തിന് നേരെ ഉയരുന്ന ഭീഷണികളെ നേരിടാൻ ഇന്ത്യയ്‌ക്കിന്ന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മദ്ധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് ഇന്ത്യയുടെ അഭിമാനം ലോകമെമ്പാടും കുതിച്ചുയരുകയാണ്. കോൺഗ്രസ് ഭരിച്ചിരുന്നപ്പോൾ ഇന്ത്യയെ ഒരു ദുർബ്ബല രാജ്യമായാണ് വിദേശത്തുള്ളവർ കരുതിയിരുന്നത്. ലോകം നമ്മുടെ വാക്കുകൾക്ക് ചെവി തന്നിരുന്നില്ല, അത്ര ഗൗരവമായി രാജ്യത്തെ കണ്ടിരുന്നില്ല. എന്നാൽ ഇപ്പോൾ സ്ഥിതി ആകെ മാറി. അന്താരാഷ്‌ട്ര വേദികളിൽ ഇന്ത്യയുടെ ശബ്ദത്തിനായി ലോകം കാതോർത്തിരിക്കുകയാണ്. ഇപ്പോൾ നമ്മുടെ ഇന്ത്യ ഒരു ദുർബല രാജ്യമല്ല. മറിച്ച് ഇന്ത്യ ഒരു ലോകശക്തിയായി മാറി. ലോകത്തിലെ ഒരു ശക്തിയും ഇന്ന് ഇന്ത്യയെ ഭീഷണിപ്പെടുത്താൻ ധൈര്യപ്പെടില്ല.
മദ്ധ്യപ്രദേശ് മുമ്പ് ദരിദ്ര സംസ്ഥാനമായിരുന്നു. എന്നാൽ ഇന്ന് വളർച്ച എന്താണെന്ന് അറിയണമെങ്കിൽ മദ്ധ്യപ്രദേശിലേക്ക് പോകണമെന്നാണ് ജനങ്ങൾ പറയുന്നത്. 2002-ൽ മദ്ധ്യപ്രദേശിലെ പ്രതിശീർഷ വരുമാനം 11,718 രൂപ മാത്രമായിരുന്നു, എന്നാൽ 2023-ൽ അത് 10 മടങ്ങ് വർദ്ധിച്ച് 1.40 ലക്ഷം രൂപയായി ഉയർന്നു. പ്രധാനമന്ത്രി സമ്മാൻ നിധിക്ക് കീഴിൽ കേന്ദ്രം വിതരണം ചെയ്യുന്ന 6,000 രൂപയ്‌ക്ക് പുറമേ പ്രതിവർഷം കർഷകർക്ക് അതേ തുക തന്നെ നൽകുന്ന ഏക സംസ്ഥാനം മദ്ധ്യപ്രദേശാണ്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ചുകൊണ്ടാണ് പ്രതിരോധ മന്ത്രിയുടെ വാക്കുകൾ. നവംബർ 17നാണ് മധ്യപ്രദേശിലെ 230 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ്.