ന്യൂഡൽഹി: നിർണായകമായ നേട്ടം സ്വന്തമാക്കി ഡൽഹി എയിംസ്. ഏഴ് വയസുകാരന്റെ ശ്വാസകോശത്തിൽ തറച്ച സൂചി കാന്തം ഉപയോഗിച്ച് പുറത്തെടുത്താണ് എയിംസ് ഡോക്ടർമാർ നേട്ടം കൈവരിച്ചത്.
രക്തസ്രാവത്തോടുകൂടിയ ചുമയുമായാണ് കഴിഞ്ഞ ദിവസം കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇടത് ശ്വാസകോശത്തിൽ തയ്യൽ മെഷീൻ സൂചി തറച്ചതായി കണ്ടെത്തുകയായിരുന്നു. ഏകദേശം നാല് സെന്റിമീറ്ററോളം നീളമുള്ള സൂചിയാണ് എൻഡോസ്‌കോപ്പിയിലൂടെ കണ്ടെത്തിയത്.
ശ്വാസകോശത്തിൽ വളരെ ആഴത്തിലാണ് ഈ സൂചി തറച്ചിരുന്നത്. അതുകൊണ്ട് തന്നെ സാധാരണ രീതിയിലുള്ള ശസ്ത്രക്രിയ സാധ്യമാകില്ലായിരുന്നു. തുടർന്നാണ് കാന്തത്തിന്റെ സഹായത്തോടെ സൂചി എടുക്കാനുള്ള ശ്രമം നടത്തിയത്. നാല് മില്ലിമീറ്റർ വീതിയും 1.5 മില്ലിമീറ്റർ കനവുമുള്ള കാന്തമാണ് ഇതിനായി ഉപയോഗിച്ചത്. എയിംസിലെ ശിശുരോഗ ശസ്ത്രക്രിയ വിഭാഗമാണ് ശസ്ത്രക്രിയയ്‌ക്കായി പ്രത്യേക ഉപകരണം വികസിപ്പിച്ചെടുത്ത് ഏഴുവയസുകാരന്റെ ജീവൻ രക്ഷിച്ചത്.
കാന്തത്തെ സൂചിയുടെ അടുത്ത് എത്തിക്കുകയായിരുന്നു ഏറെ സങ്കീർണത നിറഞ്ഞ പ്രക്രിയ എന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ പറഞ്ഞു. ശ്വാസനാളത്തേക്ക് സൂചി മാറാതെ നോക്കേണ്ടത് അനിവാര്യമായിരുന്നു. പ്രത്യേക ഉപകരണം വികസിപ്പിച്ചാണ് കാന്തത്തെ ശരീരത്തിലേക്ക് കടത്തിവിട്ടത്. റബർ ബാൻഡും നൂലും ഉപയോഗിച്ച് സുരക്ഷിതമായാണ് കാന്തം ഘടിപ്പിച്ചത്. തുടർന്ന് നീട്ടമുള്ള പിടിയിലേക്ക് ഇത് ഘടിപ്പിച്ചാണ് ശ്വാസകോശത്തിലേക്ക് പ്രവേശിപ്പിച്ചത്. എൻഡോസ്‌കോപ്പിയിലൂടെ കണ്ടെത്തിയ സൂചിയുടെ അഗ്രത്തെ ലക്ഷ്യമാക്കി ഉപകരണം പ്രവർത്തിച്ചു. കാന്തികശക്തി കാരണം സൂചി സുഗമമായി പുറത്തെടുക്കുകയായിരുന്നു.
പരീക്ഷണമെന്ന നിലയിലാണ് കാന്തം ഉപയോഗിച്ച് സൂചി നീക്കം ചെയ്തത്. ഇത്തരത്തിലുള്ള സംഭവങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ള നൂതന മാർഗമാണിതെന്നും കൂടുതൽ ജീവനുകളെ രക്ഷിക്കാൻ കഴിയുമെന്നും ശിശുരോഗ വിദഗ്ധൻ ഡോ. ദേവേന്ദ്ര കുമാർ യാദവ് പറഞ്ഞു. ആന്തരിക അവയവങ്ങളിൽ സൂചി, പിൻ തുടങ്ങിയ വസ്തുക്കൾ കുടുങ്ങുന്ന സന്ദർഭങ്ങളിൽ ഈ മാർഗം അവലംബിക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















