തൃശ്ശൂർ: അതിരപ്പള്ളി- മലക്കപ്പാറ റോഡിൽ നിർമ്മാണ പ്രവർത്തനം നടക്കുന്നതിനാൽ 15 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി കളക്ടർ വി.ആർ കൃഷ്ണ തേജ അറിയിച്ചു. അതിരപ്പള്ളി- മലക്കപ്പാറ റോഡിലെ അമ്പലപ്പാറയിലാണ് നിർമ്മാണ പ്രവർത്തനം നടക്കുന്നത്.
കഴിഞ്ഞ മാസം പെയ്ത് കനത്ത മഴയിൽ റോഡിന്റെ വശങ്ങൾ ഇടിഞ്ഞിരുന്നു. ഇതേ തുടർന്ന് വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന അടിയന്തര യോഗത്തിലാണ് ഉടൻ തന്നെ റോഡിന്റെ വശം നിർമ്മിച്ച് ഗതാഗതം പുനഃസ്ഥാപിക്കാൻ തീരുമാനിച്ചത്.
അത്യാവശ്യമുള്ള ചെറിയ വാഹനങ്ങൾ മാത്രമേ ഈ റോഡിലൂടെ കടത്തിവിടൂ. അതിരപ്പള്ളി ഭാഗത്ത് നിന്നും വരുന്ന അല്ലാത്ത വാഹനങ്ങൾ വാഴച്ചാൽ ചെക്ക് പോസ്റ്റിലും തമിഴ്‌നാട് മലക്കപ്പാറ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ മലക്കപ്പാറ ചെക്ക് പോസ്റ്റിലും തടഞ്ഞ് തിരിച്ചയക്കും. അടിയന്തര ആവശ്യത്തിനായി ഇരു ഭാഗത്തും ആംബുലൻസ് സർവീസുകൾ ക്രമീകരിക്കുമെന്നും കളക്ടർ പറഞ്ഞു.















