തലശ്ശേരിയിൽ സിക വൈറസ് സ്ഥിരീകരിച്ചു. കോടതിയിലെ ജഡ്ജിമാരടക്കം നൂറോളം പേർക്കാണ് സിക വൈറസ് ബാധയുടെ ലക്ഷണങ്ങൾ പ്രകടമായത്. ഇതിൽ ഒരാൾക്കാണ് രോഗം സ്ഥിരീകരിച്ചത്. സിക വൈറസ് രോഗലക്ഷണം തിരിച്ചറിഞ്ഞ് ചികിത്സിച്ചാൽ പെട്ടെന്ന് തന്നെ സുഖപ്പെടുത്താനാവും.
ഡെങ്കി, ചിക്കുൻ ഗുനിയ തുടങ്ങിയവ എന്നിവയ്‌ക്ക് കാരണമാവുന്ന ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുക് പരത്തുന്ന രോഗമാണ് സിക. 1947 ൽ ഉഗാണ്ടയിലെ കുരങ്ങുകളിലാണ് സിക വൈറസ് ആദ്യം കണ്ടെത്തുന്നത്. പിന്നീട് ആഫ്രിക്ക, ഏഷ്യ, പസഫിക് ദ്വീപുകൾ, തെക്കൻ, മദ്ധ്യ അമേരിക്ക എന്നിവിടങ്ങളിലെ ജനങ്ങളെ ബാധിക്കുകയായിരുന്നു. കൊതുക് കടി ഏൽക്കാതെ ശ്രദ്ധിക്കുക എന്നതാണ് സിക്കയെ പ്രതിരോധിക്കാനുള്ള പ്രധാന മാർഗം. ജനാലകളും വാതിലുകളും കൊതുക് കടക്കാതെ സംരക്ഷിക്കുക, ഉറങ്ങുമ്പോൾ കൊതുക് വല ഉപയോഗിക്കുക, വീടും പരിസരവും വെള്ളം കെട്ടിനിൽക്കാതെ ശ്രദ്ധിക്കുക, എന്നിവയാണ് രോഗം പകരുന്നത് തടയാനുള്ള മാർഗം.
പനി, ശരീരത്തിൽ ചുവന്ന പാടുകൾ, തലവേദന, ഛർദ്ദി, സന്ധിവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗാണുക്കൾ ശരീരത്തിലെത്തി മൂന്നാം ദിവസം മുതലാണ് ലക്ഷണങ്ങൾ കണ്ട് തുടങ്ങുന്നത്. ഗർഭിണിയായ സ്ത്രീയിൽ രോഗബാധ ഉണ്ടായാൽ നവജാതശിശുവിനെ ബാധിക്കാം, കൂടാതെ കുട്ടികളിലും മുതിർന്നവരിലും സിക ബാധിച്ചാൽ നാഡീസംബന്ധമായ പ്രശ്‌നങ്ങൾ വരെ ഉണ്ടാവാം.















