തിരുവനന്തപുരം: തലസ്ഥാനത്ത് മെട്രോ റെയിലിന് പദ്ധതിരേഖ (ഡിപിആർ) തയ്യാറാക്കുന്നു. ഇതിനായി ഡൽഹി മെട്രോ റെയിൽ കോർപറേഷൻ ഫീൽഡ് സർവേ തുടങ്ങി. കൊച്ചി മെട്രോ ലിമിറ്റഡാണ് ഡിഎംആർസിയെ ചുമതലപ്പെടുത്തിയത്. പള്ളിപ്പുറം, പള്ളിച്ചൽ എന്നിവിടങ്ങളിലാണ് സർവേ ആരംഭിച്ചിരിക്കുന്നത്.
41 കിലോമീറ്ററിൽ ലേസർ സർവേ നടത്തും. മൂന്ന് മാസത്തിനകം സമഗ്ര ഗതാഗത പദ്ധതി, സമാന്തര അനാലിസിസ് റിപ്പോർട്ട് എന്നിവ തയ്യാറാക്കും. പള്ളിപ്പുറം മുതൽ പള്ളിച്ചൽ വരെ ഒന്നാംഘട്ടമായും പള്ളിച്ചൽ മുതൽ നെയ്യാറ്റിൻകര വരെ രണ്ടാംഘട്ടമായും പദ്ധതി നടപ്പാക്കണമെന്നാണ് ശുപാർശ. ജനുവരിയിൽ ഡിപിആർ സർക്കാരിന് സമർപ്പിക്കും.
ദേശീയപാതാവികസനം, ബൈപ്പാസ് അടക്കമുള്ളവ പരിഗണിച്ചാവും പുതിയ അലൈൻമെന്റ്. ലൈറ്റ്‌മെട്രോ, മെട്രോ ലൈറ്റ് പദ്ധതികൾക്കായിരുന്നു ശുപാർശയെങ്കിലും മീഡിയം മെട്രോ വേണമെന്ന ധാരണയിലെത്തുകയായിരുന്നു.
ഭാവിയിലെ ആവശ്യത്തിനായി ഒന്നാംഘട്ടം ആറ്റിങ്ങൽ വരെ നീട്ടണമെന്നും ശുപാർശയുണ്ട്. പള്ളിപ്പുറത്ത് നിന്ന് കരമന, നേമം വഴി പള്ളിച്ചൽ വരെയും കഴക്കൂട്ടത്ത് നിന്ന് ഈഞ്ചയ്‌ക്കൽ വഴി കിള്ളിപ്പാലത്തേക്കും രണ്ട് ഇടനാഴികൾക്കും ശുപാർശയുണ്ട്. ഭാവിയിൽ പള്ളിപ്പുറം- മംഗലപുരം (3.7കി.മീ), ഈഞ്ചയ്‌ക്കൽ- വിഴിഞ്ഞം (14.7കി.മീ) പാതകൾക്കും ശുപാർശയുണ്ട്.