ആറര കോടി വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ ആധിപത്യം പുലർത്തിയിരുന്ന ദിനോസറുകൾ പെട്ടെന്നാണ് ഭൂമുഖത്ത് നിന്ന് മൺമറഞ്ഞത്. വളരെ പെട്ടെന്ന് വലിയൊരു ജീവി സമൂഹത്തിന് വംശനാശം സംഭവിക്കാനുണ്ടായ കാരണങ്ങളെ കുറിച്ച് ശാസ്ത്രലോകത്ത് പല സിദ്ധാന്തങ്ങളാണ് നിലനിൽക്കുന്നത്. എന്നിരുന്നാലും ലോകത്ത് വിഹരിച്ചിരുന്ന ഭീമൻ മൃഗത്തിന്റെ വംശനാശത്തിന് കൂടുതൽ ബോധ്യപ്പെടും വിധത്തിലുള്ള കാരണങ്ങൾ തേടുകയാണ് ഗവേഷകരും ശാസ്ത്രജ്ഞരും.
ബഹിരാകാശത്ത് നിന്നെത്തി ഭൂമിയിലിടിച്ച വസ്തുവിന്റെ ആഘാതമാണ് ദിനോസറുകളുടെ വംശനാശത്തിന് കാരണമായത് എന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ശാസ്ത്രലോകം. ഛിന്നഗ്രഹം വന്നിടിച്ചാകും ഇവയ്‌ക്ക് വംശനാശം സംഭവിച്ചത്. എന്നാൽ ഭൂമുഖത്ത് നിന്ന് മായാനുള്ള കാരണം തേടുകയാണ് ശാസ്ത്രജ്ഞർ. പുതിയ പഠനം അനുസരിച്ച്, ഛിന്നഗ്രഹത്തിന്റെ ആഘാതം മൂലമുണ്ടായ പൊടിപടലമാണ് ദിനോസറുകൾക്ക് വംശനാശം സംഭവിക്കാൻ കാരണമായത്.
15 വർഷത്തോളം ഈ പൊടി ഭൂമിയെ മൂടിയിരുന്നുവെന്ന് പഠനത്തിൽ പറയുന്നു. സസ്യങ്ങൾ ഭക്ഷണവും ഓക്‌സിജനും ഉത്പാദിപ്പിക്കുന്ന പ്രകാശസംശ്ലേഷണ പ്രക്രിയ രണ്ട് വർഷത്തോളം നിലച്ചു. ഈ ശക്തിയേറിയ പൊടിയുടെ ഫലമായി ചുട്ടു പൊള്ളിയിരുന്ന ഭൂമിയുടെ താപനില 24 ഡിഗ്രിയായി കുറഞ്ഞുവെന്നാണ് കണ്ടെത്തൽ. നോർത്ത് ഡക്കോട്ടയിലെ ടാനിസ് പാലിയന്റോളജി സൈറ്റിലെ എക്കൽ പാളികളിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.
ഛിന്നഗ്രഹം ഭൂമിയിൽ വന്നിടിച്ചപ്പോൾ ഉണ്ടായ പൊടിപടലങ്ങൾ ഭൂമിയിൽ വൻ മാറ്റങ്ങളാണ് സൃഷ്ടിച്ചതെന്ന് ശാസ്ത്രജ്ഞനായ സെം ബെർക്ക് സെനെൽ പറയുന്നു. പ്രകാശസംശ്ലേഷണ പ്രക്രിയ ഇല്ലാതായതോടെ ഭക്ഷ്യശൃംഖലയിലെ എല്ലാ ജീവജാലങ്ങളെയും പ്രതികൂലമായി ബാധിച്ചു. അക്കാലത്ത് ജീവിച്ചിരുന്ന മുക്കാൽ ഭാഗത്തോളം ജീവജാലങ്ങൾക്കും വംശനാശം സംഭവിച്ചു. വളരെ ചെറിയ പൊടിപടലങ്ങൾ ആയതുകൊണ്ട് തന്നെ ഇവ സൂര്യപ്രകാശത്തെ ഭൂമിയിൽ പതിക്കുന്നത് തടഞ്ഞു. ഇത് കാട്ടുതീയിലേക്ക് നയിച്ചുവെന്നും സൾഫർ എയറോസോളുകൾ അന്തരീക്ഷത്തിലേക്ക് പുറപ്പെടുന്നതിന് കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നു. ദിനോസറുകളുടെ വംശനാശത്തിന് ഇതുമാത്രമാണ് കാരണമെന്ന് പറയാനാവില്ലെന്നും ക്രിംഗ് പറയുന്നു.