ഭാരതത്തിന്റെ തനത് രുചി വൈവിധ്യം ആഗോള തലത്തിൽ ചർച്ചയാകാറുണ്ട്.ആയിരം വർഷത്തോളം പഴക്കമുള്ള സമ്പന്നമായ ചരിത്രമുണ്ട് ഇന്ത്യൻ വിഭവങ്ങൾക്ക്.
അതുകൊണ്ട് തന്നെ വിദേശികൾ ഇന്ത്യൻ വിഭവങ്ങൾ പരീക്ഷിക്കാൻ പ്രത്യേക താൽപര്യം കാണിക്കാറുണ്ട്. ബിരിയാണിയുടെ രുചിയിൽ മയങ്ങി ജപ്പാൻ അംബാസഡർ ഹിരോഷി സുസുക്കി കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ലക്നൗ സന്ദർശനവേളയിൽ ആസ്വദിച്ച് ബിരിയാണി കഴിക്കുന്ന ചിത്രം അദ്ദേഹം തന്നെയാണ് എക്‌സിൽ പങ്കുവെച്ചത്.
”രണ്ട് ദിവസം തുടർച്ചയായി ലക്നൗ ബിരിയാണി! എനിക്ക് ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ബിരിയാണി,” അദ്ദേഹം എക്‌സിൽ കുറിച്ചു. ലക്നൗ സന്ദർശനത്തിന്റെ മറ്റു ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചുിട്ടുണ്ട്.
ലക്നൗവിലെ പ്രശസ്ത വിഭവമായ അവാദി ബിരിയാണിയാണ് ജപ്പാൻ അംബാസിഡർ ആസ്വദിച്ചത്. ആട്ടിറച്ചി ചേര്‍ത്ത പ്രത്യേക തരം ബിരിയാണിയാണിത്. കുറച്ചേറെ സമയമെടുത്താണ് ഇത് തയ്യാറാക്കുന്നത്. ദക്ഷിണേന്ത്യൻ ബിരിയാണികളിൽ നിന്നും രുചിയിലും കാഴ്ചയിലും വ്യത്യസ്തമാണ് അവാദി ബിരിയാണി.
Lucknowi Biryani for two days in a row !
Simply the best Biryani I’ve ever had !! 👍😄 pic.twitter.com/5Qj5f8fGFw
— Hiroshi Suzuki, Ambassador of Japan (@HiroSuzukiAmbJP) November 4, 2023
ഇന്ത്യൻ ഭക്ഷണവുമായി ബന്ധപ്പെട്ട ഹിരോഷി സുസുക്കി വീഡിയോ വൈറലാകുന്നത് ഇതാദ്യമായല്ല. പൂനെയിലെ വിവിധ ഭക്ഷണശാലകളിൽ നിന്നും ഭാര്യയുമൊത്ത് പ്രാദേശിക കോലാപുരി ഭക്ഷണം ആസ്വദിക്കുന്നതിന്റെ വീഡിയോ ജൂണിൽ അദ്ദേഹം പങ്കിട്ടിരുന്നു. ആ വീഡിയോയോ കമന്റ് ചെയ്തവരുടെ കൂട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉണ്ടായിരുന്നു. കൂടാതെ മുമ്പ്, വാരണാസിയിൽ ഗോൾ ഗപ്പാസ്, ബനാറസി താലി എന്നിവയും പരീക്ഷിക്കുന്ന ചിത്രങ്ങളും അദ്ദേഹം ഷെയർ ചെയ്തിട്ടുണ്ട്.