ജീവിച്ച് കൊതി തീരാത്തവരാണ് മനുഷ്യർ. ഓരോ ദിവസവും പുതിയ പുതിയ കാര്യങ്ങൾ ചെയ്യാൻ അവൻ ആഗ്രഹിക്കുന്നു. പ്രായം ആകാതിരിക്കാനായി വ്യായമ മുറകളും സൗന്ദര്യവർദ്ധക വസ്തുക്കളും ഉപയോഗിക്കുന്നു. എന്നാൽ വളരെ ലളിതമായി ആരോഗ്യം സംരക്ഷിക്കാം, ഒപ്പം ദീർഘായുസും.
പ്രതിദിനം 8,000 ചുവടുകൾ നടക്കുന്നത് ദീർഘായുസ് വർദ്ധിപ്പിക്കുമെന്നാണ് പഠനം പറയുന്നത്. ഏകദേശം 6.4 കിലോമീറ്റർ നടക്കുന്നതിന് തുല്യമാണ് ഇത്. അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജി ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 12 രാഷ്‌ട്രങ്ങളിൽ നിന്നായി 1,10,000 പേരിൽ പഠനം നടത്തി. സ്ത്രീ-പുരുഷ ഭേദമില്ലാതെ എല്ലാവരും 8000 ചുവടുകൾ വെച്ചാൽ മാറ്റം ഉണ്ടാകുമെന്നാണ് ജേണലിൽ പറയുന്നത്. ഓരോ 500 ചുവടുകളും ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നുവെന്നും പഠന റിപ്പോർട്ടിലുണ്ട്.
പ്രതിദിനം നടക്കുന്നത് ഡിമെൻഷ്യ, ക്യാൻസർ എന്നിവയെ ചെറുക്കുമെന്നും പഠനങ്ങളിൽ പറയുന്നുണ്ട്. യുകെ ബയോബാങ്കിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഹൃദ്രോഗവും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യത കുറയ്‌ക്കാനും നടത്തം നല്ലതാണ്. നടത്തം മനസ്സിന് ഉന്മേഷം നൽകുകയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു, ഇത് കൂടുതൽ ഊർജ്ജസ്വലനാക്കുന്നു. ദിവസേന നടക്കുന്നത് ആവശ്യമായ സൂര്യപ്രകാശം ലഭിക്കാൻ സഹായിക്കും. സൂര്യപ്രകാശത്തിൽ നിന്ന് ലഭിക്കുന്ന വിറ്റാമിൻ ഡി തലച്ചോറിന്റെ സജീവമായ പ്രവർത്തനത്തിന് സഹായിക്കും.















