കൊൽക്കത്ത: ലോകകപ്പിലെ ഒന്നും രണ്ടും സ്ഥാനക്കാരായ ഇന്ത്യയും സൗത്താഫ്രിക്കയും നേർക്കുനേർ. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ഉച്ചയ്‌ക്കു രണ്ടു മണി മുതലാണ് മത്സരം. കളിച്ച ഏഴു മത്സരങ്ങളും ജയിച്ച് സെമി ഫൈനലിൽ പ്രവേശിച്ച ഇന്ത്യ 8-ാം ജയമാണ് ലക്ഷ്യമിടുന്നത്.
നിലവിൽ 6 ഓവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 62 റൺസാണ് സ്‌കോർ ബോർഡിലുളളത്. നായകൻ രോഹിത് ശർമ്മ(40)യുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ശുഭ്മാൻ ഗിൽ – വിരാട് കോഹ്ലി സഖ്യമാണ് ക്രീസിലുളളത്.
സൗത്താഫ്രിക്കയെ പരാജയപ്പെടുത്താനായാൽ പോയിന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്ത് എത്താൻ ഇന്ത്യക്ക് സാധിക്കും. നെതർലാൻഡ്സുമായി ഒരു മത്സരം മാത്രമാണ് ഇതിനു ശേഷം ഇന്ത്യക്കു ബാക്കിയുള്ളത്. ഇന്ത്യയെ സംബന്ധിച്ച് ടൂർണമെന്റിലെ കരുത്തരായ എതിരാളികളാണ് സൗത്താഫ്രിക്ക.
അവസാനമായി ശ്രീലങ്കയ്‌ക്കെതിരേ കളിച്ച മൽസരത്തിൽ 302 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. ഇതോടെ ഇന്ത്യ സെമിഫൈനൽ ബെർത്ത് ഉറപ്പിക്കുകയായിരുന്നു.
സൗത്താഫ്രിക്കയും ഇതിനകം സെമി ഫൈനലിൽ പ്രവേശിച്ചു. ഏഴ് മത്സരങ്ങളിൽ നിന്ന് ആറു ജയവും ഒരു തോൽവിയുമടക്കം 12 പോയിന്റാണ് സൗത്താഫ്രിക്കയ്‌ക്കുളളത്.
പ്ലേയിംഗ് ഇലവൻ
ഇന്ത്യ- ശുഭ്മാൻ ഗിൽ, രോഹിത് ശർമ (ക്യാപ്റ്റൻ), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
സൗത്താഫ്രിക്ക- ടെംബ ബവുമ (ക്യാപ്റ്റൻ), ക്വിന്റൺ ഡി കോക്ക്, റാസി വാൻഡെർ ഡ്യുസെൻ, എയ്ഡൻ മാർക്രം, ഹെൻട്രിച്ച് ക്ലാസെൻ, ഡേവിഡ് മില്ലർ, മാർക്കോ യാൻസെൻ, കാഗിസോ റബാഡ, കേശവ് മഹാരാജ്, ലുംഗി എൻഗിഡി, തബ്രെയ്സ് ഷംസി.