റായ്പൂർ: ഛത്തീസ്ഗഡിൽ അതിർത്തി സുരക്ഷാ സേനയും കമ്യൂണിസ്റ്റ് ഭീകരരും തമ്മിൽ ഏറ്റുമുട്ടി. ഛത്തീസ്ഗഡിലെ കാങ്കറിലാണ് ഏറ്റമുട്ടൽ നടന്നത്. ജില്ലാ റിസർവ് ഗാർഡും, ബിഎസ്എഫ് സംഘവും സംയുക്തമായി ചേർന്ന് പ്രദേശത്ത് നടത്തിയ തിരച്ചിലിലാണ് ഭീകരരെ കണ്ടെത്തിയത്. ഏറ്റുമുട്ടലിനിടെ അന്തഗഢ് മേഖലയിലെ കമ്യൂണിസ്റ്റ് ഭീകരരുടെ ഒളിത്താവളങ്ങൾ തകർത്തതായും പ്രദേശത്ത് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
കഴിഞ്ഞ ദിവസം കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണത്തിൽ ഛത്തീസ്ഗഡിലെ ബിജെപി നേതാവ് കൊല്ലപ്പെട്ടിരുന്നു. ബിജെപി നാരായൺപൂർ ജില്ലാ വൈസ് പ്രസിഡന്റ് രത്തൻ ദുബെയാണ് കൊലപ്പെട്ടത്. ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ രത്തൻ ദുബെയെ ഭീകരർ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കാങ്കറിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.















