ന്യൂഡൽഹി: കാനഡയിലെ എയർ ഇന്ത്യ വിമാനങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കാൻ കനേഡിയൻ ഭരണകൂടത്തിന് നിർദ്ദേശം നൽകിയതായി ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ്മ. നവംബർ 19ന് എയർ ഇന്ത്യ വിമാനം ബോംബ് വച്ച് തകർക്കുമെന്ന ഖലിസ്ഥാൻ ഭീകര സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്റെ നേതാവ് ഗുർപന്ത് സിംഗ് പന്നുവിന്റെ ഭീഷണിയെ തുടർന്നാണിത്. വിഷയത്തെ കുറിച്ച് ബന്ധപ്പെട്ട അധികൃതരുമായി ചർച്ച ചെയ്യുമെന്നും ഹൈക്കമ്മീഷണർ വ്യക്തമാക്കി.
കാനഡയിൽ നിന്ന് ഇന്ത്യയിലേക്കും ഇന്ത്യയിൽ നിന്ന് കാനഡയിലേക്കും നിരവധി എയർ ഇന്ത്യാ വിമാനങ്ങളാണ് സർവ്വീസ് നടത്തുന്നത്. ആഗോള ഉപരോധത്തിന്റെ ഭാഗമായാണ് വിമാനം തകർക്കുന്നതെന്നാണ് ഖലിസ്ഥാൻ ഭീകരനേതാവ് പങ്കുവച്ച വീഡിയോയിൽ പറയുന്നത്. ഈ സാഹചര്യത്തിൽ ഖലിസ്ഥാൻ ഭീകരൻ ഗുർപന്ത് സിംഗ് പന്നുവിന്റെ ഭീഷണിയെ ഇന്ത്യ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. എയർ ഇന്ത്യ വിമാനങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കാൻ ഈ സാഹചര്യത്തിലാണ് നിർദ്ദേശം നൽകിയതെന്നും ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ്മ വ്യക്തമാക്കി. വ്യോമഗതാഗതത്തിന് ഉണ്ടാകുന്ന ഭീഷണികൾ പ്രതിരോധിക്കാൻ ഇരു രാജ്യങ്ങളും ഉറപ്പുനൽകിയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നവംബർ 19 ന് നടക്കുന്ന ആഗോള ഉപരോധത്തിന്റെ ഭാഗമായി എയർഇന്ത്യ വിമാനം തകർക്കുമെന്നും സിഖ് സമൂഹം എയർഇന്ത്യയിൽ യാത്ര ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും പന്നു പങ്കുവെച്ച വീഡിയോയിൽ പറയുന്നുണ്ട്. സിഖ് സമൂഹത്തിലെ അംഗങ്ങൾ ആരും തന്നെ നവംബർ 19 മുതൽ എയർ ഇന്ത്യ സർവീസുകൾ ഉപയോഗിക്കരുതെന്നും ഇത് ജീവന് അപകടമുണ്ടാക്കുമെന്നും പന്നു സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.