ഇൻഡോർ: മദ്ധ്യപ്രദേശിൽ വീണ്ടും ബിജെപി അധികാരത്തിലെത്തുമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ ഇരട്ട എൻജിൻ സർക്കാരാണ് തിരഞ്ഞെടുപ്പിന് ശേഷം മദ്ധ്യപ്രദേശിൽ രൂപീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. നവംബർ 17ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇൻഡോറിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞങ്ങൾ ഇൻഡോർ തൂത്തുവാരും. മദ്ധ്യപ്രദേശിൽ ബി.ജെ.പി വീണ്ടും അധികാരത്തിലെത്തുമെന്ന ഉറച്ച പ്രതീക്ഷ ഞങ്ങൾക്കുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന ഇരട്ട എഞ്ചിൻ സർക്കാർ മദ്ധ്യപ്രദേശിൽ വികസനം കൊണ്ടുവരും,’ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 10 വർഷമായി ബി.ജെ.പി രാജ്യത്തിന് വേണ്ടി ആത്മാർത്ഥമായാണ് പ്രവർത്തിച്ചത്. ലോകരാജ്യങ്ങൾക്ക് മുന്നിൽ ഭാരതത്തിന്റെ യശസ് ഉയർന്നതും മോദി സർക്കാർ രാജ്യത്തിന്റെ വികസനത്തിന് വേണ്ടി ചെയ്ത കാര്യങ്ങളും മദ്ധ്യപ്രദേശിൽ സർക്കാർ രൂപീകരണത്തിന് ഗുണം ചെയ്യും. മദ്ധ്യപ്രദേശിലെ ജനങ്ങൾ നരേന്ദ്ര മോദിക്കൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















