തെന്നിന്ത്യയുടെ പ്രിയ നടനാണ് കാർത്തി. താരത്തിനെ പോലെ തന്നെ അദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് കേരളത്തിലും ആരാധകർ ഏറെയാണ്. കാർത്തി നായകനാവുന്ന പുതിയ ചിത്രം ജപ്പാനാണ് ഇനി റിലീസിനിരിക്കുന്നത്. ഇപ്പോഴിതാ നവംബർ 10ന് ദീപാവലി റിലീസായി പ്രേക്ഷകരിലേക്കെത്തുന്ന ചിത്രത്തിന്റെ കേരളാ ലോഞ്ചിംഗിനായി കാർത്തിയും ടീമും കൊച്ചിയിലെത്തിയിരിക്കുകയാണ്. എറണാകുളം ലുലു മാളിലേക്കാണ് താരം എത്തിയത്. കാർത്തി, അനു ഇമ്മാനുവൽ, നടൻ സനൽ അമൻ, വിനീഷ് ബംഗ്ലാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
“നല്ലവരായ എൻ നാട്ടുകാർക്കെല്ലാം വണക്കം” എന്ന് പറഞ്ഞുകൊണ്ടാണ് താരം സംസാരിക്കാൻ തുടങ്ങിയത്. കേരളീയർ എപ്പോഴും എന്നെ സ്നേഹത്തോടെ വരവേൽക്കുന്നുവെന്നും ‘പൊന്നിയിൻ സെൽവൻ’ ചിത്രത്തിന്റെ പ്രൊമോഷനുവേണ്ടി കേരളത്തിൽ വന്നപ്പോഴും ഇങ്ങനെ തന്നെയായിരുന്നെന്നും താരം ഓർത്തു. സന്തോഷത്താലുള്ള നിറകണ്ണുകളോടെയാണ് ഞാൻ തിരിച്ചുപോയതെന്നും ഇവിടെ നിൽക്കുമ്പോൾ വല്ലാത്ത അഭിമാനവും സന്തോഷവുമാണ് തോന്നുതെന്നും കാർത്തി പറയുകയുണ്ടായി. എല്ലാവരോടും ഞാൻ എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. “എന്നെന്നും നിങ്ങളുടെ സ്നേഹത്തിന് നന്ദി” എന്നും താരം പറഞ്ഞു.
‘ജപ്പാൻ’ തന്റെ ഇരുപത്തഞ്ചാമത്തെ സിനിമയാണെന്നും എല്ലാവരും കാണണമെന്നും താരം ആരാധകരോട് പറഞ്ഞു. തുടർന്ന് ‘കൈതി’ യിലെ ഒരു മാസ് ഡയലോഗും ‘പയ്യാ’ യിലെ ‘എൻ കാതൽ സൊല്ല തേവയില്ലൈ’ എന്ന ഗാനവും ആലപിച്ച ശേഷമാണ് കാർത്തി മടങ്ങിയത്.
രാജു മുരുകൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഒരു ആക്ഷൻ എന്റർടെയ്നറാണ്. കാർത്തിയുടെ 25-ാമത്തെ ചിത്രമായ ജപ്പാൻ ദീപാവലി റിലീസായാണ് എത്തുക. വേറിട്ട ലുക്കിലാണ് കാർത്തി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഡ്രീം വാരിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ എസ്.ആർ.പ്രകാശ് ബാബു, എസ്.ആർ പ്രഭു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ആറാമത്തെ കാർത്തി ചിത്രമാണ് ജപ്പാൻ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, എന്നീ അഞ്ചു ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. മലയാളിയായ അനു ഇമ്മാനുവലാണ് നായികയാവുന്നത്. തെലുങ്ക് നടൻ സുനില്‍ ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ സംഗീത സംവിധാനം ജിവി പ്രകാശ് കുമാറാണ്. പൊന്നിയൻ സെൽവൻ എന്ന ബിഗ്ബജറ്റ് ചിത്രത്തിന്റെ ഛായാഗ്രഹകൻ രവി വർമനാണ് ഈ ചിത്രത്തിന്റെയും ഛായാഗ്രഹകൻ.