ദിസ്പൂർ : പള്ളിയ്‌ക്കുള്ളിൽ കയറി ഇമാമിനെ കുത്തിക്കൊന്ന പ്രതി പിടിയിൽ . അസമിലെ ടിൻസുകിയയിൽ 55 കാരനായ ഇമാം തെഹ്‌സീബ് ഇസ്ലാമാണ് കൊല്ലപ്പെട്ടത് . കേസിൽ പ്രദേശവാസിയായ മുഹമ്മദ് ഇബ്രാഹിം അഹമ്മദ് എന്ന യുവാവാണ് പിടിയിലായത് . ബിഹാറിലെ പൂർണിയ ജില്ലയിൽ നിന്നുള്ള മൗലാന തെഹ്‌സീബ് ഇസ്ലാം ടിൻസുകിയയിലെ മകം കൊളബാരി പ്രദേശത്തെ ഒരു പള്ളിയിൽ ഇമാമായി ജോലി ചെയ്യുകയായിരുന്നു
ഞായറാഴ്ച രാവിലെ പ്രാർഥനയ്‌ക്കിടെ പള്ളിയിൽ വെട്ടുകത്തിയുമായി കടന്ന മുഹമ്മദ് ഇബ്രാഹിം ഇസ്ലാമിനെ പലതവണ കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
“ഇമാം സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു, പ്രതി കത്തി ഉപേക്ഷിച്ച് ഓടിപ്പോയി. ചോര പുരണ്ട വസ്ത്രം മാറി രക്ഷപെടാൻ ശ്രമിച്ചെങ്കിലും ഞങ്ങൾ അയാളെ തിരിച്ചറിഞ്ഞു കസ്റ്റഡിയിലെടുത്തു,” പോലീസ് പറഞ്ഞു.കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായെന്നും ഇമാമിനെ കൊല്ലുമെന്ന് അഹമ്മദ് ഭീഷണിപ്പെടുത്തിയിരുന്നതായും നാട്ടുകാർ പറഞ്ഞു.
“ഞങ്ങൾ ഇമാമിനോട് പോലീസിനെ അറിയിക്കാൻ ആവശ്യപ്പെട്ടു, പക്ഷേ അള്ളാഹു സംരക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരമൊരു സംഭവം നടക്കുമെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു ,” പ്രദേശവാസികളിൽ ഒരാൾ പറഞ്ഞു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തിപരമായിരിക്കാമെന്നും പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്നും പോലീസ് പറഞ്ഞു.















