തെങ്ങിന്റെ മഡൽ വെട്ടി നിർമ്മിച്ച ക്രിക്കറ്റ് ബാറ്റ് മുതൽ വില്ലോവുഡ്ഡിൽ തയ്യാറാക്കിയ പ്രൊഫഷണൽ ബാറ്റ് വരെ നിങ്ങൾ കണ്ടിരിക്കാം. എന്നാൽ മുള ഉപയോഗിച്ചുള്ള ക്രിക്കറ്റ് ബാറ്റിനെക്കുറിച്ച് സങ്കൽപ്പിക്കാനാകുമോ? പരമ്പരാഗതമായി ക്രിക്കറ്റ് ബാറ്റ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന വില്ലോ മരത്തിന്റെ തടിക്ക് ബദലായി നാടൻമുള കൊണ്ട് നിർമ്മിച്ച ബാറ്റ്. വില്ലോബാറ്റിന് നൽകാൻ കഴിയുന്ന അതേ ഉറപ്പും ശക്തിയും വൈബ്രേഷനും പ്രദാനം ചെയ്യാൻ മുള ബാറ്റിനും കഴിയുമെന്നതാണ് പ്രത്യേകത.
വില്ലോ മരത്തിന്റെ തടി പാകമാകുന്നതിന് 15 വർഷത്തോളം സമയമെടുക്കും. എന്നാൽ അതിന്റെ മൂന്നിലൊന്ന് സമയം മതി മുള പാകമാകാൻ. മാത്രമല്ല ഏത് മേഖലയിലും മുള സുലഭവുമാണ്. മുള ധാരാളമായി വച്ചുപിടിപ്പിച്ചാലും പ്രകൃതിക്ക് ദോഷകരമല്ലെന്നതാണ് മറ്റൊരു ഗുണം.
മുള ഉപയോഗിച്ചുള്ള ബാറ്റിന് വില്ലോ ബാറ്റുകളേക്കാൾ കൂടുതൽ ഭാരമുണ്ടാകും എന്നതാണ് ഏക പോരയ്മ. എങ്കിലും ഇത് പരിഹരിക്കാൻ കഴിയുമെന്നാണ് നിർമ്മാതാക്കൾ സൂചിപ്പിക്കുന്നത്. കേന്ദ്ര സർക്കാർ സ്ഥാപനമായ ബാംബു ആൻഡ് കേൻ ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് 1300 ഗ്രാം ഭാരമുള്ള ബാറ്റ് നിർമ്മിച്ചിരുന്നു. ഗ്ലൂ ബോർഡ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് മുളകൊണ്ട് ബാറ്റ് നിർമ്മിച്ചത്. ഏറെ പുതുമയുള്ള ആശയമാണിതെങ്കിലും തടി ഉപയോഗിച്ചുള്ള ബാറ്റുകൾ ഉപയോഗിക്കണമെന്നാണ് ഐസിസി (അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ) നിഷ്കർഷിക്കുന്നത്. കാലക്രമേണ നിയമങ്ങളിൽ പരിഷ്കാരങ്ങൾ സംഭവിച്ചാൽ മുള കൊണ്ടുള്ള ബാറ്റ് മികച്ച ആശയമാണ്.















