തൃശൂർ: വിയ്യൂർ അതിസുരക്ഷാ ജയിലിൽ സംഘർഷം. ഇന്ന് ഉച്ചയോടെയാണ് സംഭവമുണ്ടായത്. ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ജയിൽ ജീവനക്കാരെ ആക്രമിച്ചത്. ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു സംഘത്തിന്റെ അപ്രതീക്ഷിത ആക്രമണം. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
കമ്പിയടക്കമുള്ള ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയത്. വാക്കുത്തർക്കത്തിന് പിന്നാലെ സംഘം ഓഫീസിൽ അതിക്രമിച്ച് കയറുകയായിരുന്നു. പരിക്കേറ്റ ജയിൽ ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഓഫിസിലെ ഫർണിച്ചറുകളും സംഘം തല്ലിത്തകർത്തു. ജില്ലാ ജയിലിലെ ഉദ്യോഗസ്ഥർ കൂടി എത്തിയാണ് സംഘർഷം നിയന്ത്രിച്ചത്.















