ന്യൂഡൽഹി: നേപ്പാളിൽ ഭൂചലനം ദുരന്തം വിതച്ച പ്രദേശങ്ങളിലേക്ക് സഹായവുമായി ഭാരതം. ഭൂകമ്പ ബാധിതർക്കായുള്ള വൈദ്യ സഹായവുമായി ഇന്ത്യൻ എയർ ഫോഴ്സ് ടീം നേപ്പാളിലേക്ക് പുറപ്പെട്ടതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അറിയിച്ചു.
” പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അയൽ രാജ്യങ്ങൾക്കായുള്ള പോളിസികൾ പ്രകാരം ഭൂചലനം ബാധിച്ച നേപ്പാളിലെ പ്രദേശങ്ങളിലേക്ക് വൈദ്യസഹായങ്ങളും മറ്റ് അടിയന്തര സഹായങ്ങളും എത്തിക്കാൻ ഭാരതത്തിൽ നിന്നും ആദ്യ ടീം പുറപ്പെട്ടിരിക്കുന്നു”- എസ്.ജയശങ്കർ കുറിച്ചു. നേപ്പാളിലെ ഇന്ത്യൻ അംബാസഡർ നവീൻ ശ്രീവാസ്തവ ദുരിതാശ്വാസ കിറ്റുകൾ നേപ്പാൾ അധികൃതർക്ക് കൈമാറി.
ഇന്ന് രാവിലെയുണ്ടായ ഭൂചലനത്തിൽ 157 പേർ മരണപ്പെടുകയും 400-ലധികം പരിക്കേൽക്കുകയും ചെയ്തിരുന്നു. റിക്ടർ സ്‌കെയിലിൽ 3.6 തീവ്രതയാണ് രേഖപ്പെടുത്തിയത്. കാഠ്മണ്ഡുവിൽ നിന്നും 160 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. വെള്ളിയാഴ്ച റിക്ടർ സ്‌കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെയാണ് വീണ്ടും ഭൂചലനം ഉണ്ടായിരിക്കുന്നത്.















