ചണ്ഡീഗഡ്: സ്കൂൾ വിദ്യാർത്ഥികൾക്ക് സുരക്ഷിത യാത്രയൊരുക്കി ഹരിയാന സർക്കാർ. സംസ്ഥാനത്തെ ഗ്രാമങ്ങളിൽ താമസിക്കുന്ന സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ ഗതാഗത സേവനങ്ങൾ നൽകുന്നതിനായി “ഛത്ര പരിവാഹൻ സുരക്ഷാ” പദ്ധതി പ്രഖ്യാപിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. കർണാൽ ജില്ലയിലെ രത്തൻഗഡ് ഗ്രാമത്തിൽ നടന്ന ‘ജൻ സംവാദ്’ പരിപാടിയിൽ വച്ചായിരുന്നു പ്രഖ്യാപനം.
50-ലധികം വിദ്യാർത്ഥികളുള്ള ഗ്രാമങ്ങളിലേക്ക് ഗതാഗത വകുപ്പ് സൗജന്യ ബസ് സർവീസുകൾ നടത്തും. 30 മുതൽ 40 വരെ വിദ്യാർത്ഥികളുള്ള ഗ്രാമങ്ങളിലേയ്‌ക്ക് മിനിബസുകളും നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് പറഞ്ഞു. ദൂരെയുള്ള സ്‌കൂളുകളിൽ പോകുന്ന വിദ്യാർത്ഥികളുടെ എണ്ണം അഞ്ചിനും പത്തിനും ഇടയിൽ വരുന്ന ഗ്രാമങ്ങളിലും ആവശ്യമായ ഗതാഗത സൗകര്യങ്ങൾ ഏർപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പ് ഇടപെടുമെന്നും മനോഹർ ലാൽ ഖട്ടർ പറഞ്ഞു.
വിദ്യാർത്ഥികളെ സ്‌കൂളിലേക്കും വീട്ടിലേക്കും കൊണ്ടുപോകുന്നതിനായി റോഡ്‌വേ വകുപ്പ് രാവിലെ 7 മണിക്ക് ഗ്രാമത്തിൽ എത്തുന്ന തരത്തിൽ ബസുകൾ സർവീസ് നടത്തും. കർണാലിൽ പദ്ധതി വിജയകരമായി നടപ്പാക്കിയതിന് ശേഷം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കും. വിദ്യാർത്ഥികൾക്ക് സൗജന്യ യാത്രയായിരിക്കും ഏർപ്പെടുത്തുക. മുഴുവൻ ചെലവും ജില്ലാ വിദ്യാഭ്യാസ വകുപ്പ് വഹിക്കും. ഈ സംരംഭം ഹരിയാനയിലുടനീളമുള്ള വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുമെന്നും പ്രസ്താവനയിൽ പറയുന്നു.