ലക്നൗ: ഭഗവാന്റെ സന്നിധിയിൽ പൂജ ചെയ്ത അക്ഷതം വിഎച്ച്പി പ്രവർത്തകർക്ക് കൈമാറി ശ്രീരാമജന്മഭൂമി ട്രസ്റ്റ്. വരുന്ന ജനുവരി 22-ന് രാംലല്ലയുടെ പ്രാണ പ്രതിഷ്ഠ ചടങ്ങിലേക്ക് ആളുകളെ ക്ഷണിച്ചുകൊണ്ട് ജനുവരി ഒന്ന് മുതൽ ജനുവരി 15 വരെ രാജ്യത്തെ അഞ്ച് ലക്ഷം ഗ്രാമങ്ങളിൽ വിഎച്ച്‌പി പ്രവർത്തകർ പവിത്രമായ അരി വിതരണം ചെയ്യും.
രാജ്യത്തിന്റെ 45 മേഖലകളിൽ നിന്നായി 100-ലധികം വിഎച്ച്പി വോളന്റിയർമാരാണ് പവിത്രമായ അക്ഷത് പൂജയിൽ പങ്കെടുത്ത് അക്ഷതം സ്വീകരിക്കാനെത്തിയത്. ഓരോ പ്രവർത്തകനും ലോഹകുടങ്ങളിൽ അഞ്ച് കിലോ അരിയാണ് നൽകിയത്. വേളന്റിയർമാർ അവരവരുടെ ദേശങ്ങളിലേക്ക് ഈ അരിയുമായി മടങ്ങുമെന്ന് ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.
പ്രവർത്തകർ അവരുടെ ദേശത്തെത്തി പവിത്രമായ ഈ അരി മറ്റ് അരിയിലേക്ക് കൂട്ടിച്ചേർക്കും. തുടർന്ന് എല്ലാ വീടുകളിലും എത്തിക്കും. രാജ്യത്തെ അഞ്ച് ലക്ഷം ഗ്രാമങ്ങളിൽ വിതരണം ചെയ്യേണ്ടതിനാൽ അക്ഷതത്തിനൊപ്പം 100 ക്വിന്റൽ അരി കൂടി ചേർക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
ഹൈന്ദവ വിശ്വാസം അനുസരിച്ച് ഒരു ചടങ്ങിലേക്ക് ക്ഷണിക്കുന്നതിന് മുന്നോടിയായി മഞ്ഞൾ കലർന്ന അക്ഷത അയക്കുന്നു. ഇന്നലെ ദേവസന്നിധിയിൽ ആയിരം കിലോ അരിയുടെ അക്ഷത് പൂജയാണ് നടത്തിയത്. ഓരോ ക്വിന്റൽ മഞ്ഞൾപ്പൊടിയും നെയ്യും ഇതോടൊപ്പം എത്തിച്ചു. തുടർന്ന് കലശത്തിൽ സ്ഥാപിക്കുകയായിരുന്നു.
രാംലല്ലയുടെ പ്രാണ പ്രതിഷ്ഠ ചടങ്ങിലേക്ക് ഭക്തരെ ക്ഷണിക്കുന്നതിന്റെ ഭാഗമാണ് വിഎച്ച്പി പ്രവർത്തകർ പവിത്രമായ അരി വിതരണം ചെയ്യുന്നത്. ജനുവരി 15 വരൊയകും പ്രവർത്തകരുടെ പ്രചരണ പരിപാടികൾ. ജനുവരി 22-നാണ് പ്രതിഷ്ഠ ചടങ്ങുകൾ നടക്കുക. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിലാകും ചടങ്ങ്.















