റായ്പൂർ: മഹാദേവ് വാതുവെപ്പ് ആപ്പ് കേസിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരെ വെളിപ്പെടുത്തലുമായി കമ്പനി ഉടമ ശുഭം സോണി. തന്റെ കൈയിൽ നിന്നും മുഖ്യമന്ത്രി 508 കോടിരൂപ വാങ്ങിയെന്നും പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ സഹായിച്ചുവെന്നും സോണി പറഞ്ഞു. ദുബായിലേക്ക് ബിസിനസ് മാറ്റാൻ നിർദ്ദേശിച്ചത് ബാഗേൽ ആയിരുന്നു. മുഖ്യമന്ത്രിയുടെ അടുത്ത അനുയായി വിനോദ് വർമ്മ നേരിട്ട് സഹായം ഒരുക്കിയതായും ശുഭം സോണി പറഞ്ഞു. സമൂഹമാദ്ധ്യമങ്ങൾ വഴി പുറത്തുവിട്ട വീഡിയോ സന്ദേശത്തിലായിരുന്നു തുറന്നുപറച്ചിൽ.
ആപ്പ് കേസിൽ തന്റെ കൂട്ടാളി പിടിക്കപ്പെട്ടതോടെയാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രിയുടെ വലം വിശ്വസ്തനായ വിനോദ് വർമ്മയാണ് അതിനുള്ള അവസരം ഒരുക്കിയത്. മുഖ്യമന്ത്രി 508 കോടിരൂപ തന്നിൽ നിന്നും കൈപ്പറ്റി. ഇന്ത്യയിൽ നിന്നാൽ പിടിക്കപ്പെടുമെന്നും ദുബയിലേക്ക് മാറി അവിടെ നിന്നും ബിസിനസ് ചെയ്യാൻ അദ്ദേഹം തന്നോട് നിർദ്ദേശിച്ചു. കൂടിക്കാഴ്ച ഒരുക്കി തന്നതിന്റെ പ്രത്യുപകാരമായി വർമ്മ പ്രതിമാസം 10 ലക്ഷം രൂപവീതവും കൈപ്പറ്റി. ശുഭം സോണി പറഞ്ഞു.
2021ൽ സ്ഥാപിച്ച കമ്പനി വാർത്തകളിൽ നിറയുന്നത് സ്ഥാപനവുമായി സഹകരിച്ച താരങ്ങൾക്ക് ഇഡി സമൻസ് ലഭിച്ചതിന് പിന്നാലെയാണ്. രൺബീർ കപൂർ, ഹൂമാ ഖുറേഷി തുടങ്ങിയ താരങ്ങൾക്കാണ് സമൻസ് ലഭിച്ചത്. അനധികൃതമായി വാതുവെയ്പ്പ് അടക്കമുള്ള കുറ്റകൃത്യങ്ങൾ ചെയ്തു എന്നാണ് കേസ്. പിന്നാലെ കേസിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് ബന്ധമുണ്ടെന്ന് വിവരം പുറത്തുവരികയായിരുന്നു. നിലവിൽ ഇഡി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.















