ന്യൂഡൽഹി: 3 ദിവസത്തെ സന്ദർശനത്തിനായി മലേഷ്യൻ വിദേശകാര്യമന്ത്രി സാംബ്രി അബ്ദുൾ ഖാദർ ഭാരതത്തിൽ എത്തി. ഇതാദ്യമായാണ് മലേഷ്യൻ വിദേശകാര്യ മന്ത്രി ഭാരതത്തിൽ എത്തുന്നത്. നവംബർ 8-ാം തീയതി വരെ അദ്ദേഹം രാജ്യത്തുണ്ടാകുമെന്നും ഇന്ത്യ-മലേഷ്യ നയതന്ത്ര ബന്ധം ദൃഢമാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും കേന്ദ്രം വ്യക്തമാക്കി.
” മലേഷ്യൻ വിദേശകാര്യ മന്ത്രി സാംബ്രി അബ്ദുൾ ഖാദർ തന്റെ ആദ്യ ഭാരത സന്ദർശനത്തിനായി എത്തിയിരിക്കുകയാണ്. ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിനോടൊപ്പം 6-ാമത് ഇന്ത്യ-മലേഷ്യ ജോയിന്റ് കമ്മീഷനിൽ അദ്ദേഹം പങ്കെടുക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്തുകയാണ് കൂടിക്കാഴ്ചയിലൂടെ ലക്ഷ്യമിടുന്നത്.”- വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി കുറിച്ചു.
പ്രതിരോധം, സുരക്ഷ, ആരോഗ്യം, രാഷ്‌ട്രീയം, സംസ്‌കാരം, വിനോദ സഞ്ചാരം, ശാസ്ത്രം, സാങ്കേതികവിദ്യ, ജനങ്ങളുമായുള്ള ബന്ധം തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങൾക്കിടയിലുമുണ്ടായ പങ്കാളിത്ത പുരോഗതിയെ കുറിച്ചും യോഗത്തിൽ അവലോകനം ചെയ്യും. എസ്.ജയശങ്കറിന് പുറമെ ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകറുമായും സാംബ്രി കൂടിക്കാഴ്ച നടത്തുമെന്ന് അധികൃതർ അറിയിച്ചു.















