ആലപ്പുഴ: ഹരിപ്പാട് മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ പ്രസിദ്ധമായ ആയില്യ മഹോത്സവം ഇന്ന്. മഹാദീപക്കാഴ്ചയോടെയാണ് ഉത്സവാഘോഷങ്ങൾ ആരംഭിക്കുക. ഇളയ കാരണവർ എം.കെ കേശവൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നാഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണങ്ങൾ ചാർത്തി വിശേഷാൽ പൂജകൾ നടക്കും. രാവിലെ 9.30-ന് മണ്ണാറശാല അമ്മ സാവിത്രി അന്തർജനം നിലവറയ്‌ക്ക് സമീപം തെക്കെതളത്തിൽ ഭക്തജനങ്ങൾക്ക് ദർശനം നൽകും.
മുഖ്യ പൂജാരിണിയായിരുന്ന മണ്ണാറശാല അമ്മ ദിവ്യശ്രീ ഉമാദേവി അന്തർജനത്തിന്റെ സമാധി വർഷമായതിനാൽ കലാപരിപാടികൾ ഒഴിവാക്കിയാണ് ആയില്യം മഹേത്സവം നടക്കുക. അമ്മ സംവത്സര വ്രതദീക്ഷയിൽ തുടരുന്നതിനാൽ ആയില്യം നാളിലെ എഴുന്നള്ളത്തും നിലവറയ്‌ക്ക് സമീപം വിശേഷാൽ പൂജകളും ഉണ്ടായിരിക്കില്ല.
ക്ഷേത്രത്തിലെ തിരക്ക് കണക്കിലെടുത്ത് ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുപരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുന്നതിന് ഈ ഉത്തരവ് ബാധകമല്ല.
ഇന്നലെ പൂയം തൊഴൽ ദർശിക്കാൻ ആയിരങ്ങളാണ് എത്തിയത്. രാവിലെ ഭക്തർക്ക് പടിഞ്ഞാറെ ഗോപുരം വഴിയാണ് പ്രവേശനം നൽകിയിരുന്നതെങ്കിൽ തിരക്ക് വർദ്ധിച്ചതോടെ ദർശനം കിഴക്ക് വശത്തേക്ക് മാറ്റുകയായിരുന്നു. രാത്രി വൈകിയും ഭക്തരുടെ ഒഴുക്ക് അനുഭവപ്പെട്ടു. രാവിലെ മുതൽ തന്നെ മണ്ണാറാശാല,യിലെ പുതിയ അന്തർജനം സാവിത്രി അന്തർജനം നിലവറയുടെ തെക്ക് ഭാഗത്ത് ദർശനം നൽകിയിരുന്നു.
Leave a Comment