തിരുവനന്തപുരം: പാറശാല പരശുവയ്‌ക്കൽ വില്ലേജ് ഓഫീസിൽ വീണ്ടും തീ പിടിത്തം. വില്ലേജ് ഓഫീസിന് പുറക് വശത്തുള്ള ശൗചാലയത്തിലാണ് തീപിടിത്തമുണ്ടായത്. രണ്ടു മാസത്തിനിടെ ഇത് അഞ്ചാം തവണയാണ് സാമൂഹ്യ വിരുദ്ധർ കെട്ടിടത്തിൽ തീ ഇടാൻ ശ്രമിച്ചത്. പോലീസ് നോക്കി നിൽക്കെയാണ് കെട്ടിടത്തിൽ തീയിടാനുള്ള ശ്രമം നടന്നത്.
കഴിഞ്ഞ മാസവും ഓഫീസ് കെട്ടിടത്തിന് നേരെ സമാനമായ രീതിയിൽ ആക്രമണം നടത്താൻ സാമൂഹ്യ വിരുദ്ധർ ശ്രമിച്ചിരുന്നു. കഴിഞ്ഞ തവണ കെട്ടിടത്തിലെ എയർഹോൾ വഴിയാണ് അകത്തേക്ക് തീ ഇട്ടത്. ആളില്ലാത്ത കസേരയിൽ തീ വീണതിനാൽ തന്നെ വൻ അപകടമാണ് ഒഴിവായത്. തുടർന്നും ഇത്തരത്തിൽ നിരവധി ആക്രമണങ്ങൾ അജ്ഞാതരിൽ നിന്നും ഉണ്ടായിട്ടുണ്ടെന്ന് വില്ലേജ് ഓഫീസ് അധികൃതർ അറിയിച്ചു. ഏതെങ്കിലും ഫയൽ നശിപ്പിക്കാൻ നടക്കുന്നവരാണോ അതോ സാമൂഹ്യ വിരുദ്ധരാണോ ഇതിന് പിന്നില്ലെന്ന് ഇപ്പോഴും വ്യക്തതയില്ലെന്നും അധികൃതർ പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.















